ഇതരസംസ്ഥാനത്തൊഴിലാളി എൽപി സ്കൂൾ വിദ്യാർഥികളെ ആക്രമിച്ചു
1512646
Monday, February 10, 2025 1:38 AM IST
പെരിങ്ങോട്ടുകര: സ്കൂൾ വാർഷികാഘോഷത്തിനിടെ അതിക്രമിച്ചുകയറിയ ഇതരസംസ്ഥാനത്തൊഴിലാളി വിദ്യാർഥികളെ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിന് പെരിങ്ങോട്ടുകര ഗവ.മോഡൽ എൽപി സ്കൂളി ലാണ് സംഭവം.
വേദിയിൽ കലാപരിപാടികൾ നടന്നുകൊണ്ടിരിക്കേ ശൗചാലയത്തിലേക്കുപോയ മൂന്ന് ആൺകുട്ടികളെ അവിടെ ഒളിച്ചിരുന്നാണ് ഇയാള് ആക്രമിച്ചത്. കോളറിലും കൈയിലും പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത് തടഞ്ഞ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. പേടിച്ചരണ്ട കുട്ടികൾ ഇയാളിൽനിന്ന് കുതറിമാറി ഓടിവന്ന് രക്ഷിതാക്കളെ വിവരമറിയിച്ചു.
സ്കൂൾ അങ്കണത്തിൽനിന്നുതന്നെ രക്ഷിതാക്കൾ ഇയാളെ പിടികൂടി പോലീസിനെ വിളിച്ചു. എന്നാൽ പോലീസെത്തുന്നതിനു മുൻപ് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അന്തിക്കാട് പോലീസ് അന്വേഷണമാരംഭിച്ചു.
സ്കൂളിനു സമീപത്തുള്ള ആക്രിസംഭരണകേന്ദ്രത്തിൽ തൊഴിലെടുക്കുന്ന പതിനഞ്ചുകാരനാണ് ആക്രമണം നടത്തിയതെന്ന് സ്കൂൾ അധികൃതർപറഞ്ഞു. സ്കൂളിലെ നിർമാണസാമഗ്രികളും കളിയുപകരണങ്ങളും പതിവായി മോഷണം പോകുന്നുണ്ടന്നും ശൗചാലയങ്ങൾ വൃത്തികേടാക്കുന്നുണ്ടെന്നും പ്രധാനാധ്യാപിക കെ.ജി. ബിന്ദു അറിയിച്ചു.
അനധികൃതമായി അറുപതിലേറെ അതിഥിത്തൊഴിലാളികൾ സമീപത്ത് താമസിക്കുന്നുണ്ടെന്നും ഇവരിൽനിന്ന് സ്കൂളിനും പ്രദേശവാസികൾക്കും പല രീതിയിലുള്ള ഉപദ്രവങ്ങളുണ്ടെന്നും പിടിഎ പ്രസി ഡന്റ് കെ.ആർ. പ്രദീഷ് പറഞ്ഞു.