പാർട്ടിയിലെ സൗമ്യഭാവത്തിന് അർഹിക്കുന്ന അംഗീകാരം
1513491
Wednesday, February 12, 2025 7:18 AM IST
തൃശൂർ: എന്നും എപ്പോഴും പാർട്ടിയിലെ സൗമ്യഭാവക്കാരനായിരുന്നു കെ.വി.അബ്ദുൾഖാദർ. ഒപ്പം പാർട്ടിയിലെ കരുത്തനും.
യുവജനപ്രസ്ഥാനത്തിലൂടെ പാർട്ടിയിലേക്കെത്തിയ അബ്ദുൾഖാദറിന് എല്ലാവരെയും കൂടെനിർത്താൻ പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ എം.എം. വർഗീസ് സ്ഥാനമൊഴിയുകയാണെങ്കിൽ പിന്നെയാര് എന്ന ചോദ്യത്തിനുള്ള പട്ടികയിൽ ആദ്യപേര് അബ്ദുൾ ഖാദറിന്റേതായിരുന്നു. വയസ് 58 ആയെങ്കിലും പാർട്ടിയിലെ യുവതുർക്കിയാണ് ഇപ്പോഴും അബ്ദുൾഖാദർ.
ജില്ലാ സെക്രട്ടേറിയറ്റംഗവും എൽഡിഎഫ് ജില്ലാ കണ്‍വീനറും പ്രവാസിസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമാണ്.1991 മുതൽ സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയംഗമാണ്. 1997 മുതൽ പാർട്ടി ഏരിയ സെക്രട്ടറിയായി. തുടർന്നു സിപിഎം ജില്ലാ കമ്മറ്റിയംഗവും സെക്രട്ടേറിയറ്റ് അംഗവുമായി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ - സിഐടിയു ജില്ലാ പ്രസിഡന്റ്, ബീഡി വർക്കേഴ്സ് യൂണിയൻ -സിഐടിയു പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ 2021 വരെ ഗുരുവായൂർ എംഎൽഎയായിരുന്നു.
ദേശാഭിമാനിയുടെ ഗുരുവായൂർ ലേഖകനായി 12 വർഷത്തോളം പ്രവർത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
സ്വന്തം ലേഖകൻ
കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പരേതനായ കറുപ്പം വീട്ടിൽ അബുവിന്റെയും പാത്തുവിന്റെയും മകനാണ്. ഷെറീനയാണ് ഭാര്യ. മക്കൾ: അഖിൽ (സിനിമാ സഹസംവിധായകൻ), അജിഷ.