ബി സിനിമാസ് ഉദ്ഘാടനം ഇന്ന്
1513481
Wednesday, February 12, 2025 7:10 AM IST
അഞ്ഞൂർ: ജില്ലയിലെ ആദ്യ ഹൂഗോ സിൽവർ സ്ക്രീൻ പ്രൊജക്ടറോടുകൂടിയ മൾട്ടിപ്ലസ് തിയേ റ്റർ ബി സിനിമാസ് വടക്കേക്കാട് അഞ്ഞൂരിൽ ഇന്നു വൈകീട്ട് അഞ്ചിന് മാർഗരറ്റ് തോമസ് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങിൽ സിനിമാതാരം വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ രാഷ്ട്രീയ സാസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.
ആധുനിക സൗകര്യങ്ങളോടെ രണ്ട് വലിയ സ്ക്രീനുകളാണ് ബി സിനിമാസിൽ ഒരുക്കിയിട്ടുള്ളത്. സ്ക്രീൻ ഒന്നിൽ 300 ഉം രണ്ടിൽ 200 ഉം പുഷ്ബാക്ക് സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. മികച്ച ശബ്ദക്രമീകരണത്തിനായി ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ഉപയോഗിച്ചിട്ടുണ്ട്. സ്ക്രീൻ ഒന്നിൽ ഫോർ കെ പ്രൊജക്ടറോടുകൂടിയ ഹൂഗോ സിൽവർ സ്ക്രീനിന് 40 ഇഞ്ച് വീതിയും 18 ഇഞ്ച് ഉയരവും സ്ക്രീൻ രണ്ടിന് 32 ഇഞ്ച് വീതിയും 14 ഇഞ്ച് ഉയരവുമുള്ള ലേസർ പ്രൊജക്ട് സ്ക്രീനാണ് ഒരുക്കിയിട്ടുള്ളത്.
പുതിയ റിലീസ് സിനിമകളായ പൈങ്കിളി, ദാവീദ്, ബ്രോമൻസ് എന്നിവ പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിലാണു മാനേജ്മെന്റ്. വടക്കേക്കാട് വർഷങ്ങൾക്കുമുൻപ് പ്രവർത്തിച്ചിരുന്ന എം.സി. മൂവീസിന്റെ അണിയറപ്രവർത്തകരാണ് കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള ബി സിനിമാസ് ഒരുക്കിയിട്ടുള്ളത്.
വിശാലമായ പാർക്കിംഗ് സൗകര്യവും തികച്ചും പ്രകൃതിയോടിണങ്ങിയ തിയേറ്റർ സമുച്ചയവും ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും അതിലുപരി സുരക്ഷിതത്തിന് പ്രധാന്യവും നൽകിയുമാണ് ബി സിനിമാസ് പ്രവർത്തനമാരംഭിക്കുന്നതെന്ന് മാനേജ്മെന്റിനുവേണ്ടി ബെന്നോ മാറോക്കി, ഡോ. അലൻ ബെന്നോ, റീമ ബെന്നോ, മാർക്ക് ബെന്നോ എന്നിവർ അറിയിച്ചു.