ബജറ്റ് പൊതുവിദ്യാഭ്യാസമേഖലയെ വഞ്ചിച്ചു: ടി.വി. ചന്ദ്രമോഹൻ
1512930
Tuesday, February 11, 2025 2:10 AM IST
തൃശൂർ: പൊതുവിദ്യാഭ്യാസ മേഖലയ്ക്കു ബജറ്റ് അനുവദിച്ച 2391.13 കോടി കഴിഞ്ഞ ബജറ്റിന്റെ ആവർത്തനമാണെന്നും കഴിഞ്ഞവർഷം പ്രഖ്യാപിച്ച പദ്ധതികളിൽ യൂണിഫോം അലവൻസുൾപ്പെടെ ഭൂരിഭാഗവും നടപ്പാക്കാത്തതാണെന്നും പുതിയ നിർദേശങ്ങളും പദ്ധതികളും ഇല്ലാത്ത ബജറ്റ് നിർദേശങ്ങൾ പൊതുവിദ്യഭ്യാസമേഖലയെ വഞ്ചിക്കുന്നതാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ. കെപിഎസ്ടിഎ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലെ നാലു ഗഡു കുടിശികയിൽ രണ്ടു ഗഡുമാത്രം അനുവദിക്കുകയും ആറു ഗഡു ഡിഎ കുടിശികയിൽ ഒരു ഗഡു മാത്രം അനുവദിക്കുകയും ചെയ്യുന്ന ബജറ്റ് നിർദേശങ്ങൾ അധ്യാപകരെ കബളിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. സുഹൈർ, പി.സി. ശ്രീപദ്മനാഭൻ, ഷാഹിദ റഹ്മാൻ, സാജു ജോർജ്, കെ.ജെ. ജോബി തുടങ്ങിയവർ പ്രസംഗിച്ചു.