കൂർക്കഞ്ചേരി തൈപ്പൂയത്തിന് തെയ്യക്കാവടിയും
1512928
Tuesday, February 11, 2025 2:10 AM IST
തൃശൂർ: ഇന്ന് ആയിരങ്ങളെ ആവേശത്തിലാഴ്ത്തുന്ന കൂർക്കഞ്ചേരി തൈപ്പൂയ കാവടിയാട്ട മഹോത്സവത്തിനു തെയ്യക്കാവടിയും. 18 അടി ഉയരത്തിൽ ശ്രീനാരായണസമാജം പടിഞ്ഞാട്ടുമുറി വടൂക്കര വിഭാഗമാണ് തെയ്യത്തിന്റെ രൂപങ്ങളോടെ കാവടി ഒരുക്കിയിരിക്കുന്നത്. 90 കിലോയോളം ഭാരമുണ്ട് കാവടിക്ക്.
മുൻവർഷങ്ങളിലും ഇതുപോലെ വ്യത്യസ്തമായ കാവടികൾ ഇവർ ഒരുക്കിയിട്ടുണ്ട്. ദേശക്കാരുടെ കൂട്ടായ്മയിലാണ് കാവടി ഒരുക്കുക. അതുകൊണ്ടുതന്നെ പണിക്കൂലി ഇല്ലാത്തതുകൊണ്ട് ഒരു ലക്ഷത്തിൽതാഴെയാണ് തെയ്യക്കാവടി ഒരുക്കാനുള്ള ചെലവ്. എൽഇഡി ലൈറ്റുകളും മറ്റും ഘടിപ്പിച്ച തെയ്യക്കാവടി കൂർക്കഞ്ചേരി പൂയത്തിന്റെ പകൽ - രാത്രി കാവടി മഹോത്സവത്തിലെ കൗതുകക്കാഴ്ചയാകും.
പാർക്കിംഗിന് ക്യുആർ കോഡ്
തൃശൂർ: കൂർക്കഞ്ചേരി പൂയത്തോടനുബന്ധിച്ചു ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ക്യുആർ കോഡിലൂടെ പാർക്കിംഗ് വിശദാംശങ്ങൾ അറിയാനുള്ള സംവിധാനവുമായി പോലീസ്.
വിവിധ ഗ്രൗണ്ടുകളിൽ തയാറാക്കുന്ന പാർക്കിംഗ് സജ്ജീകരണങ്ങളുടെ വിവരങ്ങൾ ക്യുആർ കോഡ് സ്കാൻ ചെയ്ത് അറിയാൻ കഴിയും.
റോഡിനിരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യരുത്.
പാർക്കിംഗ് ഗ്രൗണ്ടുകൾ ഫലപ്രദമായി ഉപയോഗിക്കണമെന്നു പോലീസ് അഭ്യർഥിച്ചു.