പീഡനം: മന്ത്രവാദിയും സഹായിയും പിടിയിൽ
1512643
Monday, February 10, 2025 1:38 AM IST
ചാവക്കാട്: ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയെ പ്രശ്നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്നുപറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയുംചെയ്ത മന്ത്രവാദിയും സഹായിയും അറസ്റ്റില്‍.
മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ താജുദ്ദീന്(46), സഹായി വടക്കേകാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ ഷെക്കീര്‍(37) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടിലേക്കുവന്ന് തലവേദനയ്ക്കുള്ള മരുന്നാണെന്നുപറഞ്ഞ് ഗുളിക കഴിക്കാന്നല്കി.
ബോധംനഷ്ടപ്പെട്ട ഇവരുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ഒരുലക്ഷം രൂപ കൈക്കലാക്കുകയുംചെയ്തു. പിന്നീട് ഇയാളുടെ ഗുരുവെന്ന് വിശ്വസിപ്പിച്ച താജുദ്ദീന് യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നും യുവതിയ്ക്ക് കൈവിഷംതന്നിട്ടുണ്ടെന്നും മന്ത്രംവാദത്തിലൂടെ അതിന് പരിഹാരമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ കിടപ്പുമുറിയില്‍വച്ച് മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു. ഇത് വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല ദിവസങ്ങളിലായി ലൈംഗികമായി ഉപദ്രവിക്കുകയും യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈക്കലാക്കുകയുംചെയ്തു. യുവതിയുടെ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്.
സബ് ഇന്‍സ്പെക്ടര്‍ ടി.സി. അനുരാജ്, സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു എസ്.നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് വി.നാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.