വൈക്കോൽ എടുക്കാനാളില്ല; കർഷകർ ദുരിതത്തിൽ
1512932
Tuesday, February 11, 2025 2:10 AM IST
പുന്നയൂർക്കുളം: മുണ്ടകൻ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ വൈക്കോൽ എടുക്കാൻ ആളില്ലാത്തതിനെത്തുടർന്ന് കർഷകർ കഷ്ടത്തിലായി. വൈക്കോൽവിൽപ്പന കൃഷിക്കാർക്ക് ആശ്വാസമായിരുന്നു.
ഇത്തവണ തിരിച്ചടിയായി. പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ ഈച്ചിപ്പാടം, ഭട്ടതിരിപ്പാടം തുടങ്ങിയ പാടശേഖരങ്ങളില്‍ വൈക്കോൽ കെട്ടിക്കിടക്കുകയാണ്. മുൻ വർഷങ്ങളിൽ വൈക്കോൽ കെട്ടിന് 150 മുതൽ 200 രൂപ വില ലഭിക്കുമായിരുന്നു. എന്നാൽ ഇക്കുറി 100 രൂപയ്ക്ക് കൊടുക്കാമെന്നു പറഞ്ഞിട്ടും വൈക്കോൽ കൊണ്ടുപോകാൻ ആവശ്യക്കാരില്ലാതെ കർഷകൻ കരച്ചിലിന്റെ വക്കത്താണ്. നെല്ലിന്റെ വിലയോടൊപ്പം വൈക്കോൽ വിറ്റുകിട്ടുന്ന പണം കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നു.
മുൻകാലങ്ങളിൽ പേപ്പർമില്ലുകളിലേക്കും ഫാമുകളിലേക്കും വൻതോതിൽ വൈക്കോൽ കയറ്റിപ്പോയിരുന്നു. എന്നാൽ വൈക്കോൽ തേടി ആവശ്യക്കാരെത്താത്തത് കർഷകർക്ക് തിരിച്ചടിയായി. ഒരുകെട്ട് വൈക്കോൽ കെട്ടാൻ 35 രൂപ കർഷകന് ചെലവുണ്ട്. ഇതിനുപുറമേ കയറ്റിറക്കുകൂലി, വാഹനവാടക എന്നിയിനത്തിൽ ചെലവുകൾ വേറെയുംവരും.
വൈക്കോൽ സംഭരിക്കാൻ സർക്കാർ തലത്തിൽ സംവിധാനമൊരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.