ത്രിരാഷ്ട്ര ചിത്രയാത്രയ്ക്കൊരുങ്ങി ചിത്രകലാദമ്പതിമാര്
1513485
Wednesday, February 12, 2025 7:10 AM IST
തൃശൂര്‍: വിയറ്റ്നാം, കംബോഡിയ, ലാവോസ് രാജ്യങ്ങളിലൂടെ ചിത്രയാത്രയ്ക്കൊരുങ്ങി ചിത്രകലാദമ്പതിമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്തും ഭാര്യ ഷേര്‍ളി ചാലിശേരിയും. നാളെ ആരംഭിക്കുന്ന ചിത്രകലായാത്ര 25ന് അവസാനിക്കും.
വിയറ്റ്നാം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, വിയറ്റ്നാം യംഗ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്, വിയറ്റ്നാം ഫോക് ആര്‍ട്ട് അസോസിയേഷന് എന്നീ കലാസംഘടനകളുടെയും കംബോഡിയ കള്‍ച്ചറല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്, ഖേമര്‍ സിറാമിക്സ് ആൻഡ് ഫൈന്‍ ആര്‍ട്സ് അസോസിയേഷന് എന്നിവയുടെയും സഹകരണത്തോടെ നാലു രാജ്യങ്ങളിലെയും ചിത്രകാരന്മാരോടൊപ്പം അവിടത്തെ പുരാതനനിര്മിതികളുടെയും ചരിത്രസ്മാരകങ്ങളുടെയും ചിത്രങ്ങളും പ്രകൃതിദൃശ്യങ്ങളും ചിത്രീകരിച്ചു പ്രദര്‍ശിപ്പിക്കും.
കാഞ്ചിപുരം പട്ടിലും ഖാദിയിലും ഫ്രാന്‍സിസും ഷേര്ലിയും ചേര്‍ന്നു വരച്ച ഭാരതീയ ചരിത്രസ്മാരകങ്ങളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും ചിത്രങ്ങള്‍ മൂന്നു രാജ്യങ്ങളിലായി പ്രദര്‍ശിപ്പിക്കും.
തൃശൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം അസിസ്റ്റന്റ് കമ്മീഷണറായാണു 2020ല്‍ വിരമിച്ചത്. ഷേര്‍ളി ചുവര്‍ചിത്രരചനയില്‍ കഴിവുതെളിയിച്ച ചിത്രകാരിയാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ഇരുവരും ചേര്‍ന്ന് ഒരേ കാന്‍വാസിലാണു ചിത്രങ്ങള്‍ വരയ്ക്കുന്നത്.പത്രസമ്മേളനത്തിൽ ഫ്രാൻസിസ് കോടങ്കണ്ടത്ത്, പ്രഫ. ഡോ. ജോയ് ആന്റോ, മെച്ചൂർ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.