ആനപ്പിണ്ടവും കാർഷികവിള അവശിഷ്ടവുമായി കർഷക കോണ്ഗ്രസ് പ്രതിഷേധം
1513483
Wednesday, February 12, 2025 7:10 AM IST
പാണഞ്ചേരി: വന്യമൃഗങ്ങളിൽനിന്നു കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്പിൽ ആനപ്പിണ്ടവും കാട്ടുമൃഗങ്ങൾ നശിപ്പിച്ച കാർഷികവിളകളുടെ അവശിഷ്ടങ്ങളും നിക്ഷേപിച്ചു പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.എം. പൗലോസും കർഷക കോണ്ഗ്രസ് പ്രവർത്തകരും തലച്ചുമടായാണ് ആനപ്പിണ്ടവും കാർഷികവിളകളുടെ അവശിഷ്ടങ്ങളും പഞ്ചായത്തിനുമുന്നിൽ നിക്ഷേപിച്ചത്.
കോണ്ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനംവകുപ്പിന്റെ കടമയെന്നാണ് സർക്കാർനിലപാട്.
മലയോരജനതയെ വിധിക്കു വിട്ടുകൊടുത്തിരിക്കുന്ന സർക്കാരാണിതെന്നും കാട്ടാനയുടെയും പുലിയുടെയും ആക്രമണത്തിൽ മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്പോൾ അതിനു പരിഹാരംകാണാതെ ഒളിച്ചോടുന്ന നിലപാടാണ് മന്ത്രി കെ. രാജൻ അടക്കമുള്ള മന്ത്രിമാരുടെ സമീപനമെന്നും അഭിലാഷ് കുറ്റപ്പെടുത്തി.
കെപിസിസി അംഗം ലീലാമ്മ തോമസ്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, പഞ്ചായത്ത് പ്രതിപക്ഷനേതാവ് ബാബു തോമസ്, സുശീല രാജൻ, അനിൽ നാരായണൻ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, റെജി പാണംകുടിയിൽ, വി.ബി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.