തരിശിടം കൃഷിയോഗ്യമാക്കി; നെൽക്കൃഷിയിൽ വിളവെടുത്തത് നൂറുമേനി
1513460
Wednesday, February 12, 2025 7:09 AM IST
മേലൂര്‍: പൂലാനിയില്‍ വർഷങ്ങളായി തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കി യുവകർഷക കൂട്ടായ്മ. യുവതയുടെ ഒരുമയിലും കഠിനാധ്വാനത്തിലും നെൽകൃഷിയിൽ വിളവെടുത്തത് നൂറുമേനി. നെൽകൃഷിയിൽ പ്രായോഗിക പരിജ്ഞാനമുള്ള പ്രദേശത്തെ കർഷകരിൽ നിന്നും കൃഷി വകുപ്പ് ജീവനക്കാരിൽ നിന്നും അറിവുകൾ സായത്വമാക്കിയാണ് യുവ കര്‍ഷക കൂട്ടായ്മ പുതിയ ഉദ്യമത്തിലേക്ക് ഇറങ്ങിയത്.
കൊമ്പിച്ചാല്‍ റോഡിലെ മൂര്‍ക്കനാട് പാടശേഖരത്തിലെ രണ്ടേക്കര്‍ സ്ഥലത്തായിരുന്നു കൃഷി. ബാബു മേനാച്ചേരി, കീഴാറ ഷൈജു, ആരമ്പിള്ളി ജെയ്സണ്‍ എന്നിവരാണ് മേലൂര്‍ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ കൃഷിയിറക്കിയത്.
ഡോ.കെ.ആര്.രാജപ്പനായിരുന്നു ഇവര്‍ക്ക് സ്ഥലം വിട്ടുനല്‍കിയത്. തരിശു നിലത്തില്‍ നെല്‍കൃഷി ആരംഭിക്കുന്ന പദ്ധതിയില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭ്യമായി. കഴിഞ്ഞവര്‍ഷം കോനൂരിലും ഈ കൂട്ടായ്മ വലിയ തോതില്‍ ജൈവകൃഷി നടത്തിയിരുന്നു. കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഒ. പോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബിക ബാബു, ലക്ഷ്മി, കൃഷി ഓഫീസര്‍ രാഹുല്‍ കൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.എം.ഷാജി, ഷൈനി വര്‍ഷ എന്നിവര്‍ പ്രസംഗിച്ചു.