നവകേരള സദസിലെ അദാലത്ത് പ്രഹസനം
1512929
Tuesday, February 11, 2025 2:10 AM IST
സ്വന്തം ലേഖകൻ
തൃശൂർ/ കുന്നംകുളം: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പ്രവർത്തന റിപ്പോർട്ടിലെ പൊതുചർച്ചയിൽ വിമർശനമുന്നയിച്ച് പ്രതിനിധികൾ. സംഘടനാ റിപ്പോർട്ട് ചോർത്തിനൽകുന്നെന്നും ആഭ്യന്തരവകുപ്പ് പോലീസിനെ കയറൂരിവിടുകയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വന്യജീവി ആക്രമണങ്ങളിൽ കേന്ദ്രസർക്കാരിനെമാത്രം കുറ്റംപറയാതെ സർക്കാർ ഇടപെടണം. മലയോര ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പണം അനുവദിക്കണം. ജൽജീവൻ പദ്ധതിക്കു കേരളമെന്പാടും പൈപ്പിട്ടെങ്കിലും വെള്ളം എത്തിയിട്ടില്ല. കരാറുകാർക്കു പണംനൽകി തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് പദ്ധതി പൂർത്തിയാക്കണം. സംസ്ഥാനത്തെ റോഡുകളുടെ തകർച്ച പരിഹരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള മേൽക്കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം കുന്നംകുളത്തു നടക്കുന്പോൾപോലും ആറ് അനുഭാവികളെ റിമാൻഡ് ചെയ്തു. പോലീസ് നേതൃത്വം സന്പന്നരുടെ കൈയിലാണ്. ചാവക്കാടുനിന്നുള്ള പ്രതിനിധികളാണു സർക്കാരിന്റെ പോലീസ് നയത്തിനെതിരേ രംഗത്തുവന്നത്.
നവകേരളസദസിൽ മുഖ്യമന്ത്രിക്കു നേരിട്ടുലഭിച്ച പരാതികൾ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും കൈമാറിയിട്ടും നടപടിയില്ല. നവകേരളസദസിലെ അദാലത്ത് പ്രഹസനമായി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടു ബ്രാഞ്ച് സെക്രട്ടറി അന്നത്തെ നേതൃത്വത്തിനു നൽകിയ പരാതി അവഗണിച്ചതാണു പാർട്ടിക്കു പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയ വിവാദത്തിൽ കലാശിച്ചത്. തട്ടിപ്പിലെ മുഖ്യപ്രതിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എ.സി. മൊയ്തീൻ എംഎൽഎ പോയതു വീണ്ടും ചർച്ചയായി.
സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. ആദ്യ ടേമിലെ പിണറായി സർക്കാരിന്റെ ജനപിന്തുണ നഷ്ടമായി. പ്രകടനപത്രിക വാഗ്ദാനം മാത്രമായി. വീട്ടമ്മമാർക്കു പെൻഷൻ നൽകുമെന്ന പ്രഖ്യാപനം നടപ്പായില്ല. രണ്ടരവർഷത്തിനുശേഷം മേയർപദവി സിപിഎമ്മിനു നൽകാമെന്ന വ്യവസ്ഥ തൃശൂർ മേയർ എം.കെ. വർഗീസ് ലംഘിച്ചെനും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സംഘടനാ റിപ്പോർട്ടിൽ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ജില്ലയിലെ നേതാക്കളിൽ ചിലർ പണത്തിനു പിന്നാലെ പോകുന്നു. യുവജന-വിദ്യാർഥിപ്രസ്ഥാനങ്ങൾ നിർജീവമായെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചകൾക്കുള്ള മറുപടിയും ഇന്നലെ ആരംഭിച്ചു.
ഇന്നു വൈകീട്ട് അഞ്ചിനു ചെറുവത്തൂർ ഗ്രൗണ്ടിൽ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വോളന്റിയർ മാർച്ചിൽ അരലക്ഷംപേർ പങ്കെടുക്കും
കുന്നംകുളം: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇരുപതിനായിരം റെഡ് വോളന്റിയർമാരും കാൽലക്ഷത്തിലധികം പ്രവർത്തകരും അണിനിരക്കുന്ന മാർച്ച് ഇന്നു നടക്കും. തുടർന്നുനടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
രാവിലെ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറി, സംസ്ഥാനസമ്മേളന പ്രതിനിധികൾ എന്നിവരെ തെരഞ്ഞെടുക്കും. ക്രെഡൻഷ്യൽ റിപ്പോർട്ടിനും പ്രമേയാവതരണത്തിനുംശേഷം ഉച്ചയോടെ പ്രതിനിധിസമ്മേളനം സമാപിക്കും.
അതിനുശേഷം, വിവിധ സ്ഥലങ്ങളിൽനിന്നുള്ള പ്രവർത്തകർ കുന്നംകുളം സീനിയർ ഗ്രൗണ്ട്, ലോട്ടസ് പാലസ് ഗ്രൗണ്ട്, ദ്വാരക ഗ്രൗണ്ട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ഉച്ചകഴിഞ്ഞു മൂന്നിനാണു റെഡ് വോളന്റിയർ മാർച്ച് ആരംഭിക്കുക. കുന്നംകുളം, ചാവക്കാട്, മണലൂർ, പുഴയ്ക്കൽ, വടക്കാഞ്ചേരി ഏരിയകളിൽനിന്നുള്ളവർ ആറു കേന്ദ്രങ്ങളിൽനിന്നായി മാർച്ചിൽ പങ്കെടുക്കും. വൈകീട്ട് അഞ്ചിനു ചെറുവത്തൂർ മൈതാനിയിലാണു പൊതുസമ്മേളനം.
സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, എം. സ്വരാജ്, ഡോ. പി.കെ. ബിജു എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിനു മുന്നോടിയായി കലാപരിപാടികളുണ്ടാകും.