എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കിടെ ആനയിടഞ്ഞു
1512636
Monday, February 10, 2025 1:38 AM IST
ഇരിങ്ങാലക്കുട: എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കിടെ ആനയിടഞ്ഞു. രാവിലെ ഒന്‍പതരയോടെ ആയിരുന്നു സംഭവം. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ ആറാട്ടുകടവില്നിന്നും ആറാട്ട് കഴിഞ്ഞ് അടുത്തുതന്നെയുള്ള ക്ഷേത്രത്തിലേക്ക് മടങ്ങുന്ന വഴിയാണ് തടത്താവിള ശിവ എന്ന ആന ഇടഞ്ഞത്. തിടമ്പ് ഏറ്റിയശേഷമാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ കുത്താന്‍ ശ്രമിച്ചെങ്കിലും പാപ്പാന് ഓടിമാറി. തുടര്‍ന്ന് ആന അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ഓടിക്കയറി. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
പറമ്പിനോടുചേര്ന്നുള്ള കെട്ടിടത്തിന്റെ അടുത്തെത്തിയപ്പോള്‍ ആനപ്പുറത്ത് ഉണ്ടായിരുന്ന മിഥുന് തിരുമേനി കെട്ടിടത്തിന്റെ മുകളിലേക്ക് ചാടി രക്ഷപ്പെട്ടു. തൃശൂരില്‍നിന്നും എത്തിയ എലഫെന്റ് സ്ക്വാഡിന്റെ നിയന്ത്രണത്തില്‍ പന്ത്രണ്ടോടെയാണ് ആനയെ പൂര്‍ണമായും നിയന്ത്രണത്തിലാക്കിയത്.
ആന ഇടഞ്ഞതിനെ തുടര്‍ന്ന് പരിഭ്രാന്തിയില്‍ ഓടുന്നതിനിടയില്‍ രണ്ടുപേര്‍ വീണെങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് ദേവസ്വം ഓഫീസര്‍ പറഞ്ഞു. ഇടഞ്ഞ ആന പറമ്പിലെ രണ്ട് കവുങ്ങുകളും ഒരു തെങ്ങിന് തൈയും മറച്ചിട്ടിട്ടുണ്ട്. ഉത്സവ നടത്തിപ്പ് ക്ഷേത്ര ഭരണസമിതിക്കാണെങ്കിലും ആനകളെ ലഭ്യമാക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാണ്. ഏജന്റ് മുഖേനയാണ് ആനകളെ എത്തിക്കാറുള്ളതെന്നും ഇന്നലെ പുലര്‍ച്ചയാണ് ആനയെ എത്തിച്ചതെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. ആന ഇടഞ്ഞ ഉടന്‍തന്നെ കാട്ടൂര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു.