സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസ് കാണാതായി
1450508
Wednesday, September 4, 2024 7:06 AM IST
കുന്നംകുളം: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസ് മോഷണംപോയി, ബസ് പിന്നീടു ഗുരുവായൂരിൽ കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ മദ്യലഹരിയിൽ ബസ് എടുത്തുകൊണ്ടുപോവുകയായിരുന്നു. ബസ് പിന്നീട് ഉപേക്ഷിച്ചനിലയിൽ ഗുരുവായൂരിൽ കണ്ടെത്തി.
കുന്നംകുളത്തെ പുതിയ ബസ് സ്റ്റാൻഡിൽ രാത്രിയിൽ നിർത്തിയിട്ടിരുന്ന, തൃശൂർ - കുന്നംകുളം - ഗുരുവായൂർ റൂട്ടിൽ ഓടുന്ന ഷോണി എന്ന സ്വകാര്യബസാണ് കാണാതായത്. ഇന്നലെ രാവിലെ ബസ് എടുക്കുന്നതിനായി ഡ്രൈവർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന വിവരം അറിയുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് ഗുരുവായൂരിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. വിവിധ കാമറകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ ബസ് കൊണ്ടുപോയ ആളെയും തിരിച്ചറിഞ്ഞു. ബസിൽ ആറുമാസം മുൻപുവരെ ഉണ്ടായിരുന്ന ഡ്രൈവർ ഷംനാദ് ആയിരുന്നു അത്. മദ്യപാനിയായ ഇയാൾ പുലർച്ചെ മദ്യലഹരിയിൽ കുന്നംകുളം സ്റ്റാൻഡിൽ എത്തിയപ്പോഴാണ് തന്റെ പഴയ ബസ് അവിടെ കിടക്കുന്നതു കണ്ടത്. താൻ താമസിക്കുന്ന ഗുരുവായൂരിൽ എത്താൻ വേറെ വഴി നോക്കിയില്ല. നേരെ ഡ്രൈവർസീറ്റിൽ കയറിയിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു ഗുരുവായൂർക്കു വിട്ടു. ഇവിടെ ബസ് കാണാനില്ലാതെ ബസ് മുതലാളിയും ജീവനക്കാരും പോലീസും നെട്ടോട്ടത്തിലായി.
ഷംനാദിനെ പിന്നീടു പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുള്ള ഒരാൾ ചെയ്തതു മോഷണമാകില്ലെന്ന വിലയിരുത്തലും ബസ് ഉടമയുടെ മനസലിവും കാരണം പോലീസ് കേസെടുത്തില്ല. പരാതിയില്ലെന്ന് ഉടമ പോലീസിനെ അറിയിച്ചതിനാൽ ബസ് വിട്ടുകൊടുത്തു.