പെന്ഷന് വിതരണം : ഏകീകൃത ഫോം സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രഷറി വകുപ്പ്
1575606
Monday, July 14, 2025 4:29 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാന ട്രഷറികളില്‍ നിന്നും പ്രതിമാസ പെന്ഷന് കൈപ്പറ്റുന്ന പെന്‍ഷന്‍കാരുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കാനായി ട്രഷറി വകുപ്പ് ഏകീകൃത ഫോം സംവിധാനം നടപ്പാക്കുന്നു. പെന്‍ഷന്‍കാരുടെ അടിസ്ഥാന വിവരങ്ങള്‍ സമയബന്ധിതമായി ശേഖരിക്കുന്നതിനും പേഴ്സണല്‍ ഇന്‍ഫോര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം(പിഐഎംഎസ്) ആപ്ലിക്കേഷനില്‍ അവ കൃത്യമായി ഉള്പ്പെടുന്നതിനുമായാണ് പുതിയ സംവിധാനം വരുന്നത്.
ഇതിനായി സര്‍ക്കാര്‍ അംഗീകരിച്ച പെന്‍ഷനേഴ്സ് ഡാറ്റ ഷീറ്റ് ഫോമുകളുടെ അച്ചടി ട്രഷറി ഡയറക്ടറേറ്റില്‍ പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ ഇത് ജില്ല, സബ് ട്രഷറികളിലൂടെ വിതരണം ചെയ്യും. നിലവിലെ പെന്‍ഷന്‍കാര്‍ ഈ വര്‍ഷം ഡിസംബര്‍ 31നു മുമ്പായും പുതിയ പെന്‍ഷന്‍കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച് ആറ് മാസത്തിനകവും പൂരിപ്പിച്ച ഫോറം ട്രഷറിയില്‍ സമര്‍പ്പിക്കണം.
നിലവില്‍ പെന്ഷന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍ ആവശ്യപ്പെടുന്ന ട്രഷറികള്‍ വഴിയാണ് പെന്ഷന്, ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റ്വിറ്റി(ഡിസിആര്‍ജി) എന്നിവ ലഭിക്കുന്നത്. അത് തുടരും. പെന്ഷന് പ്രൊപ്പോസലിനായി പ്രത്യേക സൈറ്റുണ്ട്. പ്രിസം പോര്‍ട്ടല്‍ വഴിയാണ് ജീവനക്കാര്‍ പെന്ഷന് അപേക്ഷ സമര്‍പ്പിക്കുന്നത്. പെന്ഷന് വാങ്ങുന്നവരുടെ വിവരങ്ങള്‍ ട്രഷറിതലത്തില് ശേഖരിച്ചു സൂക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് പുതിയ സംവിധാനം.
പെന്ഷണര് വിദേശത്താണ് താമസമെങ്കില്‍ പാസ്പോര്‍ട്ട് നമ്പര്‍ ഫോമില്‍ രേഖപ്പെടുത്തുകയും പാസ്പോര്‍ട്ട് നമ്പറും മേല്‍വിലാസവുമുള്ള പേജിന്റെ പകര്‍പ്പ് സമര്‍പ്പിക്കുകയും വേണം. വിദേശ പൗരത്വം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത രാജ്യത്തിലെ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് നമ്പര്‍, ബന്ധപ്പെട്ട എംബസി സാക്ഷ്യപ്പെടുത്തിയ കാര്‍ഡ് നമ്പറും അഡ്രസ് ഉള്‍പ്പെടുന്ന പേജിന്റെ പകര്‍പ്പും ഫോമിനോടൊപ്പം സമര്‍പ്പിക്കണം.
ഒന്നിലധികം പെന്ഷന് വാങ്ങുന്നവര്‍ അക്കാര്യങ്ങളെല്ലാം വ്യക്തമാക്കണമെന്നുമുള്ള നിര്‍ദേശങ്ങളും ട്രഷറി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവിലുണ്ട്.