വടുതല ബണ്ട് പോര്‍ട്ട് ട്രസ്റ്റ് : പൊളിച്ചുനീക്കണമെന്ന ഉത്തരവിന് സ്റ്റേ
1587816
Saturday, August 30, 2025 4:15 AM IST
കൊച്ചി: വടുതല ബണ്ട് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് പൊളിച്ചുനീക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് പോര്‍ട്ട് ട്രസ്റ്റ് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് പരിഗണിച്ചത്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ട് മാത്രമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാവൂവെന്ന് വിലയിരുത്തിയ കോടതി മൂന്ന് മാസത്തിനകം വിഷയത്തിന് പരിഹാരം കാണണമെന്നും നിര്‍ദേശിച്ചു.
ബണ്ട് പൊളിച്ചു നീക്കേണ്ടതിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നായിരുന്നു പോര്‍ട്ട് ട്രസ്റ്റ് നിലപാട്. കേന്ദ്ര സര്‍ക്കാര്‍, റെയില്‍വേ എന്നിവ നല്കിയ കരാര്‍ പ്രകാരം അഫ്കോണ്‍സ് എന്ന കമ്പനിയാണ് റെയില്‍വേ പാലം നിര്‍മിച്ചത്. വടുതലയിലെ ബണ്ട് നീക്കാന്‍ 61.40 കോടിയോളം രൂപ ചെലവ് വരുമെന്നാണ് ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിലുള്ളത്.
പ്രാഥമിക ചെലവ് തന്നെ 3.90 കോടിയോളം വരും. ഇതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലാത്തതിനാല് പോര്‍ട്ട് ട്രസ്റ്റ് ബണ്ട് നീക്കം ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. വല്ലാര്‍പാടം ടെര്‍മിനല്‍ നിര്‍മാണസമയത്ത് നീരൊഴുക്ക് തടയാന്‍ വടുതലയില്‍ നിര്‍മിച്ച ബണ്ട് പിന്നീട് പൊളിച്ച് നീക്കിയിരുന്നില്ല. 2018 ലെ പ്രളയത്തെ തുടര്‍ന്നാണ് ബണ്ട് പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്.