പെറ്റി തുക തട്ടിപ്പ് : പ്രതി ശാന്തി കൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടു
1587812
Saturday, August 30, 2025 4:14 AM IST
മൂവാറ്റുപുഴ: പെറ്റി തുക തട്ടിപ്പുകേസിലെ പ്രതി ശാന്തി കൃഷ്ണനെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. കോട്ടയം വിജിലന്‍സ് കോടതിയാണ് പ്രതിയെ രണ്ടു ദിവസത്തേക്ക് മൂവാറ്റുപുഴ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. രണ്ടു ദിവസത്തേക്ക് ശാന്തി കൃഷ്ണനെ കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പോലീസ് ബുധനാഴ്ച നല്കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടുതല്‍ ചോദ്യം ചെയ്യലും, തെളിവെടുപ്പുമടക്കമുള്ള നടപടികൾ പോലീസ് സ്വീകരിക്കും.
മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്ററുടെ ചുമതല വഹിച്ചിരുന്ന 2018-2022 കാലയളവില്‍ 20.8 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന കേസിലാണ് ശാന്തി കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജരേഖകള്‍ നിര്‍മിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അവ എവിടെയാണ് തയാറാക്കിയതെന്നും അന്വേഷിക്കണം. ഇവരുടെ സാമ്പത്തിക തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തേണ്ടതുണ്ട്.