പൂക്കളത്തിലെ ഓണത്തപ്പൻ
1587814
Saturday, August 30, 2025 4:14 AM IST
കളിമണ്ണ് കുഴച്ചുണ്ടാക്കി പിരമിഡ് ആകൃതിയില്‍ നിര്‍മിച്ച ഓണത്തപ്പന്, പൂക്കളങ്ങളിലെ സ്ഥാനം വളരെ വലുതാണ്. ഓണത്തപ്പന് ആരാണ് എന്നത് സംബന്ധിച്ച് വിത്യസ്തങ്ങളായ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തൃക്കാക്കരയപ്പന്, ഓണത്തപ്പന് എന്നൊക്കെ പേര് പ്രദേശങ്ങള്‍ക്കും വിശ്വാസങ്ങള്ക്കുമനുസരിച്ച് മാറിവരും.
വാമനനാണ് ഓണത്തപ്പനെന്നും വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മാവേലിയാണ് തൃക്കാക്കരയപ്പന് എന്നും വിശ്വാസമുണ്ട്. തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് തൃക്കാക്കര പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിശ്വാസപ്രകാരം തൃക്കാക്കരയില്‍ ഉത്സവത്തിനു വരാന്‍ സാധിക്കാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്നുണ്ടായിരുന്നുവത്രെ അക്കാലത്ത്. അവര്‍ക്കായാണ് തൃക്കാക്കരയപ്പന്റെ രൂപം ഓണപ്പൂക്കളത്തിനടുത്ത് പ്രതിഷ്ഠിക്കുന്നതെന്നാണ് മറ്റൊരു വിശ്വാസം.
സാധാരണയായി ഉത്രാടം നാളില്‍ പൂക്കളത്തിന് സമീപം നാക്കിലയില്‍ അഞ്ച് ഓണത്തപ്പന്റെ രൂപങ്ങള്‍ വയ്ക്കുന്നതാണ് പതിവ്. അതില്‍തന്നെ നടുവില്‍ വലിയ തൃക്കാക്കരയപ്പനും ഇരുവശങ്ങളിലും താരതമ്യേന ചെറുതുമായ രൂപങ്ങളായിരിക്കും വയ്ക്കുക. ഇത് കൂടാതെ ഈ രൂപങ്ങളെ അലങ്കരിക്കുന്ന പതിവുമുണ്ട്. കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ തുടങ്ങിയ നാടന്‍ പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. അഞ്ചാം ഓണദിവസം വരെ തൃക്കാക്കരയപ്പനെ ഇങ്ങനെ വയ്ക്കും. ഈ ദിവസങ്ങളില്‍ പ്രത്യേക നിവേദ്യവും പൂജകളും ഉണ്ടായിരിക്കും.
ഓണത്തപ്പനെ ഇങ്ങനെ വയ്ക്കുന്നതിന് ചില സ്ഥലങ്ങളില്‍ മാതേര് വയ്ക്കുക എന്നാണ് പറയുന്നത്. ഓണത്തപ്പനൊപ്പം തിരുവോണനാളില്‍ നാക്കിലയില്‍ മഹാബലിയുടെ രൂപവും വയ്ക്കും. മഹാബലി ഈ ദിവസം ഒറ്റയ്ക്കല്ല ആഗതനാകുന്നത് എന്ന വിശ്വാസത്തില്‍ മുത്തശിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് തുടങ്ങിയയോടൊപ്പമാണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുന്നത്. മലബാറില്‍ വീട്ടുപടിക്കലും മാതേവരെ വയ്ക്കാറുണ്ട്.
ജില്ലയില്‍ എരൂര്‍, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തപ്പനെ കൂടുതലായും നിര്‍മിക്കുന്നത്.