വേദനകൾ മറന്ന് വേറിട്ട ഓണാഘോഷവുമായി രാജഗിരി
1587817
Saturday, August 30, 2025 4:15 AM IST
കൊച്ചി: മുണ്ടും ജുബയുമണിഞ്ഞ് മാലിദ്വീപുകാരൻ അലി ഉസവും ടീമും ഒരു വശത്ത്, ഉഗാണ്ടയിൽ നിന്നുള്ള അബു ബൊഗേരെയും സംഘവും മറുവശത്തും. വടംവലി ഉഷാറായപ്പോൾ കാണികൾക്കും ആവേശം.
ആലുവ രാജഗിരി ആശുപത്രിയയിൽ വിദേശികളായ രോഗികൾക്കും ബന്ധുക്കൾക്കും കൂട്ടിരിപ്പുകാർക്കുമായൊരുക്കിയ ഓണാഘോഷത്തിലാണ് ആവേശകരമായ വടംവലി നടന്നത്. രോഗവേദന മറന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്ന് വടംവലിച്ചു, സദ്യയുണ്ടു.... എല്ലാവർക്കും ഓണാശംസകൾ എന്ന് വിദേശികൾ ഒരുമിച്ചു മലയാളത്തിൽ പറഞ്ഞ് കൈയടി നേടി. കേരളീയവേഷം ധരിച്ചായിരുന്നു ഇവരിൽ പലരും ആഘോഷത്തിനെത്തിയത്.
മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സന്തോഷവും സമാധാനവും പരസ്പരം പങ്കിട്ടുകൊണ്ടും, അന്യന്റെ വേദനയ്ക്ക് പരിഹാരമേകിക്കൊണ്ടുമുള്ള ആഗോള ഉത്സവമായി ഓണം മാറണമെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
തൂശനിലയിൽ വിഭവങ്ങൾ വിളമ്പി കാതോലിക്കാബാവയാണ് ഓണസദ്യയ്ക്കും തുടക്കം കുറിച്ചത്. രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ.ജേക്കബ് വർഗീസ്, ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അബ്ദുള്ള സെയ്ഫ് സലിം അൽ ഖ്വാസ്മി(ഒമാൻ)വിർലാൻ എലേന(മൾഡോവ) എന്നിവർ പ്രസംഗിച്ചു.
72ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ രാജഗിരി ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നുണ്ട്. ഇവരിൽ ഉഗാണ്ട,മാലദ്വീപ്,ഒമാൻ, തുടങ്ങി 15 രാജ്യങ്ങളിൽ നിന്നുള്ളവർ ആഘോഷത്തിനുണ്ടായിരുന്നു.