ഗതാഗത പരിഷ്കാരം ഇടപ്പള്ളി ജംഗ്ഷനിലെ കുരുക്ക് മുറുക്കി
1587815
Saturday, August 30, 2025 4:14 AM IST
ട്രാഫിക് പോലീസ് ഹൈക്കോടതിയിൽ
കൊച്ചി: ഗതാഗത വകുപ്പ് ഇടപ്പള്ളി ജംഗ്ഷനില്‍ നടപ്പാക്കിയിട്ടുള്ള ഗതാഗത പരിഷ്കാരം ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചതായി ട്രാഫിക് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സിറ്റി ട്രാഫിക് ഈസ്റ്റ് സബ് ഡിവിഷന് അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചങ്ങമ്പുഴ പാര്‍ക്ക് ഭാഗത്ത് നിന്ന് വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് ഇപ്പോള്‍ വലത്തോട്ട് തിരിഞ്ഞ് പോകാനാവില്ല. വരാപ്പുഴ റോഡിലേക്ക് തിരിഞ്ഞ് അല്അമീന് പോയിന്റില്‍ യു ടേണ്‍ എടുത്ത് വേണം വൈറ്റില ഭാഗത്തേക്ക് പോകാന്‍.
ആലുവ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് വരാപ്പുഴ, പറവൂര്‍ ഭാഗത്തേക്കും പോകാനാവില്ല. ഈ വാഹനങ്ങള്‍ക്ക് വൈറ്റില ഭാഗത്തേക്ക് തിരിഞ്ഞ് അര കിലോമീറ്ററോളം പോയി യു ടേണ്‍ എടുത്ത് വേണം വരാപ്പുഴ ഭാഗത്തേക്ക് പോകാന്‍.
ഇതൊഴിവാക്കാന്‍ ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടപ്പളളി മേല്‍പ്പാലം കയറി ഇടപ്പള്ളി പള്ളിക്ക് മുന്നിലെ യു ടേണ്‍ തിരിഞ്ഞ് വരാപ്പുഴ ഭാഗത്തേക്ക് പോകാനാണ് ശ്രമിക്കുന്നത്. ദേശീയപാതയിലും പള്ളിക്ക് മുന്നിലെ ഭാഗത്തും വലിയ കുരുക്കിനിടയാക്കുകയാണ് ഈ പരിഷ്കാരങ്ങള്‍. ആലുവ ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങള്‍ക്ക് ഇടപ്പള്ളി മേല്‍പ്പാലത്തിന് താഴെകൂടി യു ടേണ്‍ സൗകര്യം ഒരുക്കിയിട്ടുള്ളത് ചെറിയ ആശ്വാസമാണ്.
ബൈപ്പാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയായതോടെ ഇടപ്പള്ളിയിലേക്ക് വേഗത്തില്‍ വാഹനങ്ങള്‍ക്ക് എത്താനാവുന്നുണ്ട്. ഇടപ്പള്ളി ജംഗ്ഷനില്‍ വാഹനക്കുരുക്ക് കൂടാന്‍ ഇതും ഒരു കാരണമാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.