കുമ്പളങ്ങിയിൽ പ്ലാസ്റ്റിക് പരിശോധന : കടകളടച്ചു പ്രതിഷേധിച്ച് വ്യാപാരികൾ
1587820
Saturday, August 30, 2025 4:15 AM IST
ഫോർട്ടുകൊച്ചി: ഓണക്കാലത്ത് പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ നടപടിയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളങ്ങി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു വ്യാപാരി പ്രതിഷേധം. കടകളിൽ ഉദ്യോഗസ്ഥർ എത്തി പരിശോധനകൾ ആരംഭിച്ച ഉടനെയാണ് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധ പ്രകടനവുമായി കുമ്പളങ്ങി പഞ്ചായത്ത് ഓഫിസിലേക്ക് എത്തിയത്.
ഇത് മൂന്നാം തവണയാണ് കുമ്പളങ്ങിയില്‍ പ്ലാസ്റ്റിക്കിന്റെ പേര് പറഞ്ഞ് ചെറുകിട വ്യാപാരികളില്‍നിന്ന് പതിനായിരങ്ങള്‍ പിഴയീടാക്കുന്ന നടപടിയുണ്ടായതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ചെറുകിട വ്യാപാരികള്‍ക്ക് ഓണക്കാലത്താണ് കുറച്ച് കച്ചവടം ലഭിക്കുന്നത്. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങിയതോടെ കച്ചവടം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്.
പരിശോധന നടത്തി പതിനായിരം15,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ചുമത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കുമ്പളങ്ങി യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ കെ.വി. തമ്പി പറഞ്ഞു.