മണൽ കടത്ത്: ആറ് ടോറസുകൾ കസ്റ്റഡിയിൽ
1494606
Sunday, January 12, 2025 7:01 AM IST
വൈപ്പിൻ: വില്ലിംഗ്ടൺ ഐലൻഡ് ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർക്ക് പാസില്ലാതെ അനധികൃതമായി മണൽ കടത്തിയ ആറ് ടോറസ് ലോറികൾ മുനമ്പം പോലീസ് പിടികൂടി. ഇതിനിടെ രണ്ടു ലോറികളിലെ ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. പിന്നീട് ഇവർ പള്ളിപ്പുറം കോൺവെന്റ് ഭാഗത്ത് ഇട്ടിരുന്ന ഈ രണ്ട് ലോറികളും രാത്രി കടത്തിക്കൊണ്ടു പോയി.
ഇവരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബാക്കി നാല് ലോറികൾ കസ്റ്റഡിയിൽ എടുത്ത പോലീസ് മൈനിംഗ് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് അഴിമുഖത്ത് നിന്ന് ഖനനം ചെയ്തെടുക്കുന്ന മണലാണിത്. കടലിൽ നിന്നും ഖനനം ചെയ്ത ഗുണനിലവാരം ഇല്ലാത്ത മണൽ മറ്റു ജില്ലകളിൽ എത്തിച്ച ലാഭം കൊയ്യുന്ന മണൽ മാഫിയയാണ് പിന്നിലെന്ന് പോലീസ് പറഞ്ഞു.