അകപ്പറമ്പ്-എയർപോർട്ട് ലിങ്ക് റോഡിന് വീതി കൂട്ടണമെന്ന്
1494815
Monday, January 13, 2025 4:30 AM IST
നെടുമ്പാശേരി: കരിയാട് മറ്റൂർ പിഡബ്ല്യുഡി റോഡിൽ അകപ്പറമ്പ് ജംഗ്ഷനിൽ നിന്ന് എയർപോർട്ടിലേക്ക് തിരിയുന്ന പഞ്ചായത്ത് ലിങ്ക് റോഡിനു വീതിയില്ലാത്തതിനാൽ ഇവിടെ നിത്യേന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി പരാതി.
നിലവിൽ ഈ റോഡിന് മൂന്ന് മീറ്റർ വീതിയൂം 300 മീറ്റർ നീളവും മാത്രമാണ് ഉള്ളത്. ഈ വഴിയിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഒരു വാഹനം വന്നാൽ എതിരെ വരുന്ന വാഹനത്തിന് പോകാൻ പറ്റാതെ പിന്നോട്ട് പോകേണ്ട സ്ഥിതിയാണ്.
പലരുടെയും വീടുകളിളിലേക്ക് കയറ്റിയാണ് രണ്ടു വാഹനങ്ങൾക്കു എതിരേ വരുന്പോൾ കടന്നുപോകാൻ അവസരമുണ്ടാക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതുകൊണ്ട് ഈ പഞ്ചായത്ത് റോഡ് വാഹനങ്ങൾക്ക് സുഖമായി കടന്നുപോകുന്ന തക്ക രീതിയിൽ വീതി കൂട്ടി സഞ്ചാരയോഗമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ സിയാൽ എംഡി സുഹാസ്, അൻവർ സാദത്ത് എംഎൽഎ, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുനിലിൽ എന്നിവർക്കു നിവേദനം നൽകി.
അകപ്പറമ്പ് റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുമ്പോൾ ആ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡും വിധി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ആവണംകോട്, നെടുവന്നൂർ,ചൊവ്വര, ശ്രീമൂലനഗരം, കാഞ്ഞൂർ ഭാഗത്തുനിന്നും അതുപോലെ എയർപോർട്ടിലേക്കും, നായത്തോട്, അങ്കമാലി,കരിയാട് ഭാഗത്തേക്കും ആയിരക്കണക്കിന് ആളുകളാണ് ഈ വഴി ഉപയോഗിക്കുന്നതെന്നും നിവേദനത്തിൽ ബിജു കെ. മുണ്ടാടൻ ചൂണ്ടിക്കാട്ടി.