അനധികൃത മത്സ്യബന്ധനം; ബോട്ട് പിടിയിൽ
1494612
Sunday, January 12, 2025 7:01 AM IST
ചെല്ലാനം: ചെല്ലാനം തീരത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ ഫിഷിംഗ് ബോട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചേർന്ന് പിടികൂടി കോസ്റ്റൽ പോലീസിനെ ഏല്പിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന മീനും കസ്റ്റഡിയിലെടുത്തു. മുനമ്പം സ്വദേശി ജോസി എന്നയാളുടെ രവിച്ചേട്ടൻ എന്ന ബോട്ടാണ് അനധികൃത മത്സ്യബന്ധനം നടത്തിയതിന് കസ്റ്റഡിയിലായത്.
ചെല്ലാനം തീരത്താണ് ബോട്ടിലെ കാരിയർ വള്ളം വഴി മത്സ്യബന്ധനം നടത്തിയത്. അനധികൃതമായി ഫിഷിംഗ് ബോട്ട് നടത്തുന്ന മത്സ്യബന്ധനത്തെ പ്രദേശത്തെ ചെറുവള്ളക്കാർ ചേർന്ന് വള്ളങ്ങൾ ബോട്ടിന് കുറുകെ ഇട്ട് തടയുകയായിരുന്നു. ബോട്ട് പിന്നീട് സമീപത്ത് പട്രോളിംഗ് നടത്തുന്ന ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
ബോട്ടിൽ 12 തൊഴിലാളികളും രണ്ടുലക്ഷത്തോളം രൂപയുടെ മത്സ്യവും ഉണ്ടായിരുന്നു. ഫിഷറീസ് എസ്ഐ മാരായ മനോജ്, ഷിജൂ എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ രണ്ടര ലക്ഷം രൂപ ബോട്ടുടമ പിഴ അടയ്ക്കേണ്ടിവരും. ബോട്ടിൽ ഉണ്ടായിരുന്നു മത്സ്യം ലേലം ചെയ്തു കിട്ടുന്ന തുകയും സർക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.