ആലുവയിൽ നിർമാണം നിലച്ച വയോജനകേന്ദ്ര പരിസരത്ത് മാലിന്യക്കൂമ്പാരം
1494808
Monday, January 13, 2025 4:30 AM IST
ആലുവ: സർക്കാർ മേഖലയിലെ ആദ്യ സ്പെഷാലിറ്റി വയോജനകേന്ദ്ര പദ്ധതിയുടെ നിർമാണം നിലച്ചതോടെ പദ്ധതി പ്രദേശത്ത് നഗരമാലിന്യം കുമിഞ്ഞു കൂടുന്നു. ചുറ്റുമതിലും കവിഞ്ഞ് മാലിന്യം പുറത്ത് വന്നതോടെ അവ എടുത്ത് നീക്കാൻ ആലുവ നഗരസഭ ആരോഗ്യ വിഭാഗം നിർദേശം നൽകി.
അഞ്ച് വർഷം മുമ്പ് ആറ് കോടി രൂപ ചെലവിൽ തുടങ്ങിയ പദ്ധതിയാണ് മൂന്ന്നിലയുടെ കോൺക്രീറ്റ് കെട്ടിടമായി നിർമാണം സ്തംഭിച്ചിരിക്കുന്നത്. ഇതോടെ രാത്രി കാലങ്ങളിൽ അറവുമാലിന്യം അടക്കം വലിയ ചാക്കുകെട്ടുകൾ വൻതോതിൽ ഇവിടെക്കൊണ്ടുവന്ന് തള്ളുകയായിരുന്നു. ഇതിന് പിന്നാലെ തെരുവുനായകളുടെ സങ്കേതമായും കോമ്പൗണ്ട് മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
2019 ജനുവരി 14 ന് സിനിമാ താരം നിവിൻ പോളി തറക്കല്ലിട്ട പദ്ധതി നീണ്ടുപോകുന്നതായി രണ്ട് മാസം മുമ്പ് 'ദീപിക' റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ രണ്ടു കോടി രൂപ അനുവദിക്കുമെന്നും നിർമാണം പൂർത്തീകരിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചത്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഈ വിഷയം ജില്ലാശുപതി വികസന സമിതിയിൽ ഉന്നയിക്കുമെന്ന് വാർഡ് കൗൺസിലർ പി.പി. ജെയിംസ് പറഞ്ഞു.
അതേ സമയം കെട്ടിട വളപ്പിലെ മാലിന്യം എടുത്തു മാറ്റാൻ കരാറുകാരന് നിർദേശം നൽകിയതായി ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. ഈ ആഴ്ച മുതൽ മാലിന്യനീക്കം നടക്കുമെന്നും അറിയിച്ചു. ഇഎസ്ഐ റോഡും പൈപ്പ് ലൈൻ റോഡും ചേരുന്നിടത്തായി ത്രികോണാകൃതിയിലാണ് നിർദിഷ്ട പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടിലാണ് അപൂർവ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.