വന്യജീവി ആക്രമണം: മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിൽ സോളാര്‍ ഫെന്‍സിംഗ് ഉടൻ
1494603
Sunday, January 12, 2025 6:59 AM IST
കാലടി: മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി എന്നീ ഫോറസ്റ്റ് ഡിവിഷനുകളിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയുന്നതിനായി നബാര്‍ഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന 13.45 കോടി രൂപയുടെ ഹാംഗിഗ് സോളാര്‍ ഫെന്‍സിംഗ് പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് റോജി എം.ജോണ്‍ എംഎൽഎ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി വാഴച്ചാല്‍ ഡിവിഷനു കീഴില്‍ 60 കിലോമീറ്റര്‍ പ്രദേശത്തും, മലയാറ്റൂര്‍ ഡിവിഷനു കീഴില്‍ 30 കിലോമീറ്റര്‍ പ്രദേശത്തും, ചാലക്കുടി ഡിവിഷനു കീഴില്‍ 18 കിലോമീറ്റര്‍ പ്രദേശത്തും സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കും. ഇത് യാഥാര്ഥ്യാമാക്കുന്നതോടുകൂടി പ്ലാന്റേഷന് കോര്പറേഷന് പ്രദേശത്തും മലയാറ്റൂര്‍, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തുകളിലുമുള്ള രൂക്ഷമായ വന്യജീവി ആക്രമണത്തിന് ഒരു പരിധിവരെ പരിഹാരമാകും.
പദ്ധതിയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നതായും നിര്‍മ്മാണ ജോലികള്‍ വൈകാതെ ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ അറിയിച്ചു. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുവാന്‍ കഴിഞ്ഞ ദിവസം വനംമന്ത്രിയുടെ നേത്യത്വത്തില്‍ ചാലക്കുടിയില്‍ നടന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എംഎല്‍എമാരായ റോജി എം. ജോണും സനീഷ്കുമാര് ജോസഫും ആവശ്യപ്പെട്ടു.
ഇതോടൊപ്പം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ വന്യജിവീ ആക്രമണം തടയുന്നതിനായി അനുവദിക്കപ്പെട്ട അഞ്ച് പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് റോജി എം. ജോണ്‍ എംഎല്‍എ അറിയിച്ചു. അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറ പ്രദേശത്ത് ഒരു കിലോമീറ്ററോളം ട്രഞ്ചും, കണ്ണിമംഗലം പ്രദേശത്ത് 1.6 കിലോമീറ്ററും പോട്ടമുതല് ഐഐപി കനാല്‍ വരെ 1.7 കീലേമീറ്റര്‍ നീളത്തിലും മലയാറ്റൂര്‍ പഞ്ചായത്തില്‍ മുളംകുഴി മുതല്‍ എവര്‍ഗ്രീന്‍ ക്യാമ്പ്ഷെഡ് വരെ 2.6 കീലോമീറ്റര്‍ നീളത്തിലും വള്ളിയാംകുളം പ്രദേശത്ത് 1.1 കീലോമീറ്റര്‍ നീളത്തിലും സോളാര്‍ ഹാഗിംഗ് ഫെന്‍സിംഗ് നിര്‍മിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് റോജി എം. ജോണ്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു .