അനധികൃത നിർമാണം:കരുമാലൂരിൽ ഹോട്ടലിനെതിരേ പഞ്ചായത്തിൽ പരാതി
1494601
Sunday, January 12, 2025 6:59 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ സിആർഇസെഡ് ലംഘിച്ചും നിയമപരമായ അനുമതിയില്ലാതെയും ആനച്ചാൽ പുഴയോടു ചേർന്നു നടത്തിയ നിർമാണത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിൽ പരാതി.
കേരളീയ പരിസ്ഥിതി സംരക്ഷണസമിതി സെക്രട്ടറി ബി.വി. രവീന്ദ്രനാണു കരുമാലൂർ പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും കഴിഞ്ഞദിവസം പരാതി നൽകിയത്.
കരുമാലൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡിൽ ആനച്ചാൽ പുഴയോടു ചേർന്ന് ഒരേക്കറിലേറെ വരുന്ന പുഴയോടു ചേർന്നുള്ള നിലം നികത്തിയാണു നിർമാണം നടത്തിയതെന്നു പരാതിയിലുണ്ട്.കുടാതെ വ്യാവസായ വകുപ്പ് പരിശോധന നടത്തി അനധികൃതമാണെന്നു കണ്ടെത്തി എംഎസ്എംഇ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കാൻ റിപ്പോർട്ട് നൽകിയ സ്ഥലത്താണു ഹോട്ടലും പാർക്കും പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
നടത്തിക്കൊണ്ടിരിക്കുന്ന ഹോട്ടലിൽ നിന്നും മാലിന്യം ആനച്ചാൽ പുഴയിലേക്ക് നിക്ഷേപിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി പഞ്ചായത്ത് പരിധിയിൽ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തി അനധികൃത നിർമാണങ്ങൾ നടത്തുന്നതു വ്യാപകമായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
അതിനാൽ തീരദേശ പരിപാലന നിയമം ലംഘിച്ചും ലൈസൻസ് ഇല്ലാതെയും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു പഞ്ചായത്തിൽ നൽകിയ പരാതിയിൽ പറയുന്നു.