കമ്പിയിൽ കുരുങ്ങിയ കുറുനരിയെ വനംവകുപ്പ് കൂട്ടിലാക്കി
1494817
Monday, January 13, 2025 4:30 AM IST
വാഴക്കുളം: കമ്പിയിൽ കുരുങ്ങിയ കുറുനരിയെ വനംവകുപ്പ് പിടികൂടി. കദളിക്കാട് തെക്കുംമലയിലെ പുരയിടത്തിൽ നിന്നാണ് കുറുനരിയെ കണ്ടു കിട്ടിയത്.
പൊട്ടിക്കിടന്ന കമ്പിയിൽ കുരുങ്ങിയ നിലയിൽ ഇന്നലെ രാവിലെ പ്രദേശവാസികൾ കുറുനരിയെ പുരയിടത്തിൽ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതനുസരിച്ച് മൂലമറ്റത്തുനിന്ന് വനം വകുപ്പ് അധികൃതരെത്തി കമ്പിയിൽ കുരുങ്ങിയ നിലയിലുള്ള കുറുനരിയെ കൂട്ടിലാക്കുകയായിരുന്നു.
കദളിക്കാട്, ആവോലി മേഖലകളിലും കുറുനരികളുടെ സാന്നിധ്യം ശക്തമാണ്. സന്ധ്യ മയങ്ങുമ്പോൾ തന്നെ നരിക്കൂട്ടം ഓരിയിട്ട് പുരയിടങ്ങളിലും വഴികളിലും വീട്ടുമുറ്റങ്ങളിലും ഭീഷണിയായി എത്തുന്നുണ്ട്.
രാത്രിയിൽ പലവട്ടം ഇവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനായി വീടുകളിൽ വരാറുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു. പുലർച്ചെ റോഡിൽ സഞ്ചരിക്കുന്നവർക്കും കുറുനരിക്കൂട്ടം ഭീഷണിയാകുന്നുണ്ട്.