കാത്തിരിപ്പിനു വിരാമം : ഇടമലയാറിലെ വെള്ളം വഴിത്തോട്ടിലൂടെ ഒഴുകി: ആഹ്ലാദം പങ്കുവച്ച് നാട്ടുകാർ
1494811
Monday, January 13, 2025 4:30 AM IST
നെടുമ്പാശേരി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇടമലയാർ ജലം റെയിൽവേ ലൈൻ കടന്ന് നെടുമ്പാശേരി പഞ്ചായത്തിലെ വഴിത്തോട്ടിലൂടെ ഒഴുകി. ആദ്യമായി കനാലിലൂടെ ജലം ഒഴുകിയെത്തിയതിന്റെ സന്തോഷം പങ്കിടാൻ ചെറിയ വാപ്പാലശേരിയിൽ നാട്ടുകാർ പായസ വിതരണം നടത്തി.
അങ്കമാലി എംസി റോഡിന് സമീപം വരെ കനാൽ നിർമാണം സ്തംഭിച്ച പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നാലര വർഷം മുമ്പാണ് എം സി റോഡിന് കുറുകെ പുഷ്ത്രു സാങ്കേതിക വിദ്യയിൽ ടണൽ നിർമിച്ച് നെടുമ്പാശേരി പഞ്ചായത്ത് അതിർത്തിയിൽ വരെ ജലമെത്തിച്ചിരുന്നു.
റെയിലിനടിയിലൂടെ കനാൽ നിർമാണം പൂർത്തിയായതോടെ ദേശീയ പാതയ്ക്ക് കിഴക്ക് ഭാഗം വരെ കനാലിലൂടെ ഒഴുക്കി ജലം വഴിതോട്ടിൽ എത്തിക്കുകയായിരുന്നു.
വർഷങ്ങളായി പണിതിട്ടിരുന്ന കനാലിലൂടെ ജലമെത്തിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ചെറിയ വാപ്പാലശേരിയിലെ പ്രദേശവാസികൾ പായസവിതരണവും പൊതുയോഗവും നടത്തി.യോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് തമ്പി പോൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജൂബി ബൈജു അധ്യക്ഷയായി. സണ്ണി പോൾ, പി.എസ്. ജിതിൻ, അലൻ ബാബു എന്നിവർ സംസാരിച്ചു.