കരുമാലൂരിലെ കർഷകർക്ക് ഉപ്പുവെള്ള ഭീഷണി
1494597
Sunday, January 12, 2025 6:59 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ പ്രദേശങ്ങളിൽ ഉപ്പുവെള്ള ഭീഷണിയിൽ കർഷകർ.മാഞ്ഞാലി കള്ളിക്കുഴി ഭാഗത്തെ ചീപ്പ് അടയ്ക്കാത്തതോടെ പഞ്ചായത്തിലെ 3, 4, 5 വാർഡുകളിലെ കർഷകരാണു ഭീഷണിയിലായിരിക്കുന്നത്. ഇതോടെ കള്ളിക്കുഴി, മുറിയാക്കൽ, ഈരപ്പറമ്പ്, പാണാട്, മണ്ടള എന്നിവിടങ്ങളിടെ കർഷകർ ദുരിതത്തിലാണ്.
രണ്ടു വർഷം മുന്നേ 18 ലക്ഷം രൂപ മുടക്കി കള്ളിക്കുഴി തോടിനു കുറുകെ കോൺക്രീറ്റിംഗ് നടത്തി ചീപ്പ് നിർമിച്ചിരുന്നു. എന്നാൽ ചീപ്പിലെ പലകകൾ സാമൂഹികവിരുദ്ധർ എടുത്തു കളയുകയാണ് ഉണ്ടായത്. ഇതോടെ ഒഴുകിയെത്തുന്ന ഓരുവെള്ളം തടയുന്നതിനായി കൃത്യമായ സംവിധാനമില്ലാത്ത അവസ്ഥയാണെന്നു കർഷകർ പറയുന്നു.മേഖലയിലെ പ്രധാന കൃഷിയിനങ്ങളായ നെല്ല്, വാഴ, ജൈവ പച്ചക്കറിക്കൃഷി ഇതെല്ലാം വലിയ ഭീഷണിയാണ്. തുലാവർഷം മഴ കുറവായതിനാൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കർഷകർക്കു കിണറുകളിൽ നിന്നു കൃഷിയിടത്തിലേക്കാവശ്യമായ ജലം ലഭിക്കുന്നില്ല.
ഡിസംബർ പകുതി മുതൽ പ്രദേശത്തേക്കു ഒരുവെള്ളം ഒഴുകിയെത്തുന്ന അവസ്ഥയാണ്. ഉപ്പുവെള്ളം ഇനിയും കയറിയാൽ പ്രദേശത്തെ കർഷകരുടെ കൃഷി പൂർണാമായും നശിക്കാനിടയുണ്ട്. അതിനാൽ കള്ളിക്കുഴി ഭാഗത്തെ ചീപ്പിൽ കൃത്യമായി പലകകൾ ഇട്ടു അടയ്ക്കണമെന്നാണു കർഷകരുടെ ആവശ്യം.സാമൂഹിക വിരുദ്ധർക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയായില്ലെന്നാണ് ആക്ഷേപം. കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾസൻ ഗോപുരത്തിങ്കൽ പറഞ്ഞു.