ഉമ്മൻ ചാണ്ടി എന്നും വഴികാട്ടിയായി കൂടെയുണ്ട്: കെ.സി. വേണുഗോപാൽ എംപി
1494816
Monday, January 13, 2025 4:30 AM IST
കാലടി: ഉമ്മൻ ചാണ്ടി എന്നും നമ്മുടെ വഴികാട്ടിയായി കൂടെയുണ്ടെന്നു കെ.സി. വേണുഗോപാൽ എംപി. ആന്ധ്രയിൽ നിന്നു കേരളത്തിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയ അലമേലുവിനും മകൾക്കും അമ്മക്കിളിക്കൂട് പദ്ധതിയിൽ ഒരുക്കിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദേശ പ്രകാരമാണ് അമലേലുവിനും മകൾക്കും കോൺഗ്രസ് പ്രവർത്തകർ വീടു നിർമിച്ചു നൽകിയത്. അമ്മക്കിളിക്കൂടിന്റെ 54-ാമത്തെ വീടിന്റെ താക്കോൽ കെ.സി. വേണുഗോപാൽ കൈമാറി.
ശ്രീമൂലനഗരം പഞ്ചായത്തിൽ എട്ടാം വാർഡിലാണ് ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിൽ വന്ന് വർഷങ്ങളായി താമസിക്കുന്ന വിധവയായ അലമേലുവിന് വീടു നിർമിച്ചു നൽകിയത്. പ്രദേശവാസിയും കോൺഗ്രസ് പ്രവർത്തകനുമായ വിപിൻ ദാസിന്റെ പ്രളയത്തിൽ തകർന്ന വീടിന് പകരമായി പാർട്ടി നിർമിച്ച് നൽകിയ ഭവനത്തിന്റെ കല്ലിടൽ ചടങ്ങിന് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയിരുന്നു. ച
ടങ്ങിൽ അമലേലു മകളെയും കൂട്ടി ഉമ്മൻചാണ്ടിക്ക് അടുത്തെത്തുകയും വീട് നിർമിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട ഉടനെ തന്നെ ഉമ്മൻ ചാണ്ടി സാർ സ്ഥലം മേടിക്കാൻ ഒരു ലക്ഷം രൂപ താൻ തരാമെന്നും ബാക്കി തുക സംഘടിപ്പിച്ച് നൽകാൻ ശ്രീമൂലനഗരം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനോട് നിർദേശിക്കുകയുമായിരുന്നു. സെബാസ്റ്റ്യൻ തന്റെ സഹോദരൻ ഫ്രാൻസിസ് വി. വർഗീസിന്റെ മൂന്നു സെന്റ് സ്ഥലം അലമേലുവിനും കുടുംബത്തിനും സൗജന്യമായി നൽകുകയായിരുന്നു.
ആധാരം ചെയ്ത ഉടൻ തന്നെ കാഞ്ഞൂരുള്ള ജോസ് പാറയ്ക്കയായി സംസാരിച്ച് അദ്ദേഹത്തിന്റെ പിതാവ് വർഗീസ് പാറയ്ക്കയുടെ ഓർമ്മയ്ക്കായി അമ്മക്കിളിക്കൂട് പദ്ധതിയിലേക്ക് വിധവയായ അലമേലുവിനും മകൾക്കും വീട് പണിത് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇന്നലെ നടന്ന താക്കോൽദാന ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീൻ, ആലുവ മുനിസിപ്പാലിറ്റി ചെയർമാൻ എം.ഒ ജോൺ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, എം.ജെ ജോമി, ഷെബീർ അലി, സിനി ജോണി, എൻ.സി, ഉഷാ കുമാരി, വി.ജെ. ആന്റു, ഫോറോന പള്ളി വികാരി ഫാ. ജോയി കണ്ണന്പുഴ, അഡ്വ. ഉണ്ണികൃഷ്ണൻ, പി.കെ. സിറാജ് വാർഡ് മെമ്പർ കെ.പി. അനൂപ് എന്നിവർ പ്രസംഗിച്ചു.