തിരുവൈരാണിക്കുളത്ത് നടതുറപ്പുത്സവത്തിന് തുടക്കമായി
1494813
Monday, January 13, 2025 4:30 AM IST
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവതീദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങൾ ഉമാമഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും.
നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള വർണാഭമായ തിരുവാഭരണ ഘോഷയാത്ര ഇന്നലെ വൈകിട്ട് നാലോടെ ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിൽ നിന്നാണ് ആരംഭിച്ചത്.
മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം അകവൂർ ചാത്തന്റെ സന്നിധിയിലെ കെടാവിളക്കിൽ നിന്ന് അധൃത് പരമേശ്വർ പകർന്നു നൽകിയ ദീപവും മനയിലെ കാരണവർ അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാടിന്റെ പക്കൽ നിന്ന് ഉമാമഹേശ്വരന്മാർക്ക് ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, സെക്രട്ടറി എ.എൻ. മോഹനൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ചു.
രാത്രി ഏഴര മണിയോടെ ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി രഥത്തിൽ നിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളിൽ അണിയിച്ചു.
തിരുമുഖത്തോടൊപ്പം ചെറുതാലിക്കൂട്ടം, കാശാലി, പൂത്താലി, നാഗപടത്താലി, പാലയ്ക്ക, കെട്ടരമ്പ് എന്നിവ ചാർത്തി ദേവിയെ സർവാഭരണ വിഭൂഷിതയാക്കി. ശ്രീമഹാദേവനും ആഭരണങ്ങൾ അണിയിച്ചു. ക്ഷേത്ര ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ ഉറ്റതോഴി സങ്കല്പമായ പുഷ്പണിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ദേവിയുടെ തിരുനടയുടെ മുന്നിലെത്തിയതോടെ നട തുറക്കുന്നതിനായുള്ള ചടങ്ങുകൾ ആരംഭിച്ചു.
ചടങ്ങുകൾ പൂർത്തിയാക്കി രാത്രി എട്ടിന് നട തുറന്നു. ദർശനത്തിനുശേഷം രാത്രി 10 ന് നട അടച്ച് ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചു.പിന്നീട് ദേവിയെ സ്തുതിച്ചു കൊണ്ടുള്ള തിരുവാതിര കളിയും പൂത്തിരിവാതിര ചടങ്ങുകളും പാതിരാപൂ ചൂടലും ക്ഷേത്രത്തിൽ നടന്നു.
നടതുറപ്പ് വേളയിൽ രാവിലെ നാലു മുതൽ ഉച്ചക്ക് 1.30 വരേയും രണ്ടു മുതൽ രാത്രി ഒന്പതു വരെയുമാണ്ദർശനം സാധ്യമാകുക. നടതുറപ്പ് മഹോത്സവം 23 നാണ് സമാപിക്കുക.