കുണ്ടന്നൂർ-ചിലവന്നൂർ റോഡ് പുനർനിർമാണം : കൈയേറ്റങ്ങൾ പൊളിച്ചുനീക്കിയില്ല; കാന നിർമാണം റോഡിലേക്കു തള്ളി
1494602
Sunday, January 12, 2025 6:59 AM IST
മരട്: അനധികൃത കൈയേറ്റങ്ങൾ പൊളിച്ച് നീക്കാതെ കുണ്ടന്നൂർ-ചിലവന്നൂർ പൊതുമരാമത്ത് റോഡ് നിർമാണം തുടങ്ങി. റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ റോഡ് നിർമാണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് നാട്ടുകാർ. റോഡിന്റെ ഭാഗമായുള്ള കാന നിർമിച്ചിരിക്കുന്നത് പലയിടത്തും റോഡിലേക്കു തള്ളിയാണ്. റോഡ് തുടങ്ങുന്ന കുണ്ടന്നൂർ ജംഗ്ഷൻ മുതൽ വടക്കേയറ്റം വരെ നിരവധി കൈയേറ്റങ്ങളാണുള്ളത്.
സ്വകാര്യ വ്യക്തികളുടേതു കൂടാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ്, വായനശാല, കൊടിമരങ്ങളും പാതയോരം കൈയേറിയാണ് നിർമിച്ചിട്ടുള്ളത്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കുണ്ടന്നൂർക്കാരൻ പൗരസമിതി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിട്ടുണ്ട്.
1.8 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാണ് പുനർ നിർമിക്കുന്നത്. 1.50 കോടി രൂപയാണ് എസ്റ്റിമേറ്റ്. റോഡിലെ കൈയേറ്റങ്ങൾ ഒഴിയണമെന്നാവശ്യപ്പെട്ട് കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയതായി പറയുന്നുണ്ടെങ്കിലും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭയും പിഡബ്ല്യുഡിയും തയാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.