ലഹരിമരുന്ന് ഇടപാട്: അസം സ്വദേശിയെ പിറ്റ് ആക്ട് പ്രകാരം ജയിലിലടച്ചു
1494605
Sunday, January 12, 2025 6:59 AM IST
കൊച്ചി: കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരിലൊരാളായ അസം സ്വദേശിയെ പിറ്റ് ആക്ട് പ്രകാരം ജയിലിലടച്ചു. അസം ബാര്‍പേട്ട സ്വദേശി മിനാജുല്‍ ഹഖി(28)നെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ മിനാജുല്‍ ഹഖ് നഗരത്തിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരില്‍ ഒരാളാണ്.
പല തവണ ജയിലില്‍ കിടന്നിട്ടുള്ള ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും അസം, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തിച്ച് കളമശേരിയിലും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്തി വന്നതിനെ തുടര്‍ന്ന് കൊച്ചി ഡിസിപി പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടികള്‍ക്കായുള്ള റിപ്പോര്‍ട്ട് അഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു.
ഇതോടെയാണ് ഇയാളെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത് ഉത്തരവായത്. തുടര്‍ന്ന് തൃക്കാക്കര എ സിപി പി.വി. ബേബിയുടെ നിർദേശാനുസരണം കളമശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.