കരുമാലൂരിൽ പലയിടത്തും മാലിന്യം വലിച്ചെറിയുന്നു
1494596
Sunday, January 12, 2025 6:59 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ വലിച്ചെറിയൽ വിരുദ്ധവാരം നടക്കുമ്പോഴും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്നു വ്യാപക പരാതി. രോഷാകുലരായി കരുമാലൂർ പ്രദേശവാസികൾ.
സംഭവത്തെ തുടർന്നു കരുമാലൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീന ബാബു ഇതിനെതിരെ പഞ്ചായത്ത് അധികാരികൾക്കു പരാതി നൽകി. കരുമാലൂർ പഞ്ചായത്തിലെ പലയിടത്തും ഹോട്ടലിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വലിച്ചെറിയുന്നതായി പരാതിയുണ്ട്.
തുടർന്നു പരിശോധന നടത്തി പിടികൂടുന്നുണ്ടെങ്കിലും കാര്യമായ നടപടി സ്വീകരിക്കാത്തതു മൂലം ഇതേ ആളുകൾ തന്നെ വീണ്ടും മാലിന്യം തള്ളുന്നതും കണ്ടെത്തിയിരുന്നു.
5000, 10000 എന്നീങ്ങനെ പിഴ ഒടുക്കേണ്ട സ്ഥാനത്ത് 500, 1000 എന്നീ നിസാര തുകകൾ പിഴയായി വാങ്ങി മാലിന്യം തള്ളിയവരെ പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി എന്നിവർ ഒത്തു തീർപ്പാക്കി വിടുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. ഇതേ തുടർന്നു പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീന ബാബു പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം ഉന്നയിച്ചെങ്കിലും അധികാരികൾ ചർച്ചയ്ക്കെടുക്കാതെ ഒഴിഞ്ഞു മാറിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
മാലിന്യം വലിച്ചെറിയുന്ന ഇഷ്ടക്കാർക്കു വേണ്ടി പഞ്ചായത്ത് അംഗങ്ങൾ തന്നെ ഇടപെടുന്ന പ്രവണത കണ്ടു വരുന്നതായും ഇത് ഇല്ലാതാക്കണമെന്നും സ്ഥിരംസമിതി അധ്യക്ഷ പറഞ്ഞു. അടുത്ത കമ്മിറ്റിയിൽ ഈ വിഷയം ചർച്ചയ്ക്കെടുത്തു കൃത്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.