പുളിയനം സ്കൂളിൽ ജലഗുണത ലാബ് തുടങ്ങി
1494595
Sunday, January 12, 2025 6:59 AM IST
നെടുമ്പാശേരി: കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ഹയർ സെക്കൻഡറി സ്കൂളുകളിൽ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ജല ഗുണത പരിശോധന ലാബ് പാറക്കടവ് പഞ്ചായത്തിലെ പുളിയനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.
സ്കൂളിലെ കെമിസ്ട്രി ലാബിനോട് ചേർന്നാണ് ജലഗുണത ലാബ് സ്ഥാപിച്ചിട്ടുളളത്. സ്കൂളിൽ പരിശീലനം ലഭിച്ചിട്ടുള്ള കെമിസ്ട്രി അധ്യാപകരുടെയും, കുട്ടികളുടയും സഹായത്തോടെയാണ് തദ്ദേശ സ്ഥാപന പരിധിയിലെ കിണർ ജലം പരിശോധന നടത്തുന്നത്. സ്കൂളിലെ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ജലം ഉറവിടത്തിൽ നിന്നും ശേഖരിക്കുന്നതും സ്കൂളിലെ കെമിസ്ട്രി ലാബിൽ സ്ഥാപിച്ചിട്ടുള്ള ജല ഗുണത ലാബിൽ പരിശോധന നടത്തുന്നതും.
പരിശോധനയിൽ ജലത്തിന്റെ നിറം, ഗന്ധം, പി എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖരപദാർഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവയാണ് ലാബിൽ പ്രധാനമായും പരിശോധന നടത്തുന്നത്.
ലാബിന്റെ ഉദ്ഘാടനം പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ നിർവഹിച്ചു. പുളിയനം പിടിഎ പ്രസിഡന്റ് ടി.ബി. ബിബിൻ അധ്യക്ഷനായി. പ്രിൻസിപ്പൽ എം.എം. റിയാമോൾ, വാർഡ് മെമ്പർ പി.ആർ. രാജേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി. പി. ജോയ്, സ്കൂൾ ഹെഡ്മാസ്റ്റർ കെ.ബി. പ്രകാശ്, പിടിഎ വൈസ് പ്രസിഡന്റ് എളവൂർ അനിൽ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ കെ.എൽ. അരുൺ, അധ്യാപകരായ പി.വി. മുരുകദാസ്, ടി.ജെൂ ബേബി, പ്രസീദ എന്നിവർ സംസാരിച്ചു.