കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ‘രണ്ടിടത്ത് ടോൾ പിരിക്കാനുള്ള തീരുമാനം പ്രതിഷേധാർഹം’
1494593
Sunday, January 12, 2025 6:59 AM IST
മൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ രണ്ടിടത്ത് പ്ലാസ നിർമിച്ച് ടോൾ പിരിക്കുവാനുള്ള ദേശീയപാത അഥോറിറ്റിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് മുൻ എംഎൽഎ ബാബു പോൾ. 1989ൽ മൂവാറ്റുപുഴ എംഎൽഎയായിരുന്ന എ.വി. ഐസക്കിന്റെ ഇടപെടലിനെ തുടർന്നാണ് നിലവിലുള്ള എറണാകുളം - മൂന്നാർ റോഡ് ദേശീയ പാതയായി കൊച്ചി - മധുര റോഡായി കേന്ദ്ര സർക്കാർ അംഗീകരിച്ചത്.
ദേശീയ പാതയായി പ്രഖ്യാപിച്ചതല്ലാതെ നാളിതുവരെ യാതൊരു വികസന പ്രവർത്തനങ്ങളും കൊച്ചി - മൂന്നാർ ഭാഗത്ത് നടപ്പാക്കുവാൻ ദേശീയപാത അഥോറിറ്റി സന്നദ്ധമായില്ല. മൂന്ന് പ്രധാന നഗരങ്ങളിൽ തൃപ്പുണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ ബൈപാസ് നിർമിക്കണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം പോലും കേന്ദ്രം അംഗീകരിച്ചിട്ടില്ല.
ബൈപാസ് നിർമാണ ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന മുന്നോട്ട് വച്ച് അനന്തമായി നീട്ടികൊണ്ടിരിക്കുകയാണ്. നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും കാനയുടെയും നേര്യമംഗലം പാലത്തിന്റെയും മാത്രം നിർമാണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കാന നിർമാണത്തിന്റെ ഫലമായി പലയിടത്തും നിലവിലുള്ള റോഡിന്റെ വീതി കുറയുന്ന അവസ്ഥയുമുണ്ട്. തികച്ചും അശാസ്ത്രീയമായ ഇത്തരത്തിലുള്ള നിർമാണം അപകടങ്ങൾക്ക് ഇടയാക്കുന്നുമുണ്ട്.
ദേശീയ പാതകൾ 45 മുതൽ 60 മീറ്റർ വരെ വീതിയിൽ ഉന്നത നിലവാരത്തിൽ നിർമിക്കുന്പോൾ മാത്രമാണ് ടോൾ പിരിവ് ഏർപ്പെടുത്താറുള്ളത്. കേവലം 10 മീറ്റർ മാത്രം വീതിയിൽ ടാറിംഗ് നടത്തി ടോൾ പിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇത് അന്യായവും ജനങ്ങളെ കൊള്ളയടിക്കാനുമുള്ള നടപടിയാണ്. ദേശീയപാത അഥോറിറ്റി നടപടിയിൽനിന്നും പിന്മാറണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബാബു പോൾ മുന്നറിയിപ്പ് നൽകി.