അങ്കമാലി നഗരസഭ 24-ാം വാർഡിൽ ശുദ്ധജല വിതരണം തകരാറിൽ
1494587
Sunday, January 12, 2025 6:59 AM IST
അങ്കമാലി: അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാർഡിൽ ചർച്ച് നഗർ, അങ്കമാലി സെൻട്രൽ നഗർ ഭാഗങ്ങളിലെ മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം. കിഴക്കേപള്ളി-വാപ്പാലശേരി റോഡിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പ് മാറ്റി പിവിസി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. പുതിയതായി പിവിസി പൈപ്പിലേക്ക് കണക്ഷൻ മാറ്റിയ ഉപഭോക്താക്കളാണ് കഷ്ടത്തിൽ ആയിരിക്കുന്നത്.
പല ഭാഗങ്ങളിലും നൂല് പോലെയാണ് വെള്ളം വരുന്നത്. എന്നാൽ പഴയ ലൈനിൽ വെള്ളം സാധാരണനിലയിൽ ലഭിക്കുന്നുണ്ട്. പഴയ ലൈനും പുതിയ ലൈനും തമ്മിലുള്ള കണക്റ്റിവിറ്റി ശരിയാകാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് നിഗമനം.
കഴിഞ്ഞ രണ്ടുമാസമായുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിന് ജലഅഥോറിറ്റി അധികൃതർക്ക് നേരിട്ടും, രേഖാമൂലവും പലപ്രാവശ്യം പരാതി നൽകിയിട്ടും കാര്യക്ഷമമായ ഒരു നടപടിമുണ്ടായിട്ടില്ല. ശുദ്ധജല പ്രതിസന്ധി പരിഹാരമില്ലാതെ നീളുകയാണ്. വേനൽ ആരംഭിക്കാനിരിക്കെ ഈ അവസ്ഥ തുടർന്നാൽ ജനങ്ങളുടെ ഗതി കൂടുതൽ പരിതാപകരമാകും.
ജലഅഥോറിറ്റി അധികൃതരുടെ നിരുത്തരവാദപരമായ നിലപാട് മാറ്റി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽ കടുക്കുന്നതിനു മുമ്പ് അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലറും നഗരസഭ പൊതുമരാമത്ത് സ്ഥിര സമിതി അധ്യക്ഷയുമായ ലക്സി ജോയി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനും പരാതി നൽകി.