പെരുന്തുരുത്തി ബൈപാസിലെ ഡീലക്സ് പടി അപകടവളവ് നിവരാന്‍ ഇനി വൈകരുത്
1516759
Saturday, February 22, 2025 6:54 AM IST
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലേക്ക്
ചങ്ങനാശേരി: പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ മുണ്ടുപാലം പള്ളിക്കു സമീപം മുതല്‍ പയനിയര്‍ യുപി സ്കൂള്‍ വരെയുള്ള ഡീലക്സ്പടിയിലെ അപകടവളവ് നിവര്‍ത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍.
അധികാരികള്‍ ഒന്നുകൂടി ഉണര്‍ന്നു പ്രവര്‍ത്തിച്ചാന്‍ ഒമ്പതു വര്‍ഷംമുമ്പ് വിഭാനംചെയ്ത പദ്ധതി ഈ വര്‍ഷം സാക്ഷാത്കരിക്കപ്പെടും. വളവ് നിര്‍ത്താനുള്ള സ്ഥലം ഏറ്റെടുക്കലിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്നത്.
2016ല്‍ മുന്‍എംഎല്‍എ സി.എഫ്. തോമസിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ആരംഭിച്ചത്. വളവ് നിര്‍ത്തുന്നതിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് 2021 ജൂണില്‍ പൊതുമരാമത്തു വകുപ്പധികൃതര്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചിരുന്നു.
വിവിധ ഓഫീസുകളില്‍ ഫയലുകള്‍ കുടുങ്ങിയതോടെ നടപടികള്‍ വൈകുകയായിരുന്നു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടലിലാണ് നടപടികള്‍ വേഗത്തിലായത്. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കി റോഡ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണുയരുന്നത്.
വളവ് നിവരുന്നതു വരെ ഉണര്‍ന്നു പ്രവര്‍ത്തിക്കും
ഡീലക്സ്പടി ഭാഗത്ത് അപകടങ്ങള്‍ പെരുകിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അന്നത്തെ എംഎല്‍എ സി.എഫ്. തോമസിനു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തികളുടെ സ്ഥലം പണം നല്കി ഏറ്റെടുത്ത് വളവ് നിവര്‍ത്തി റോഡില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ന ടപ്പാക്കാന്‍ തീരുമാനിച്ചത്.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ബേബിച്ചന് പള്ളിത്താനം, ജോസഫ് ആന്റണി പ്രാക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിവേദനങ്ങളും കത്തിടപാടും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ഇത്രയുമൊക്കെ എത്തിയത്. വളവ് കാലതാമസം കൂടാതെ നിവരുമെന്ന പ്രത്യാശയിലാണ് ആക്ഷന്‍ കൗണ്‍സിലും നാട്ടുകാരും.
കയറ്റവും കൊടുംവളവും അപകടങ്ങള്‍ക്കു കാരണം
കയറ്റവും കൊടുംവളവുമുള്ള ഈ ഭാഗത്ത് എതിരേ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത അവസ്ഥയാണ്. കൂടാതെ ബൈപാസായതിനാല് ദീര്‍ഘദൂര വാഹനങ്ങള്‍ അമിതവേഗത്തില്‍ എത്തുന്നതു ചെറുവാഹനങ്ങള്‍ക്കും കാല്‍നട യാത്രി കർക്കും റോഡ് കുറുകെ കടക്കുന്നവര്‍ക്കും ഭീഷണിയാണ്.
ഈ വളവില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് അരങ്ങേറുന്നത്. അരഡസനോളം ആളുകളുടെ ജീവന് ഇവിടെ പൊലിഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കാർ നിയന്ത്രണംവിട്ട് ഇവിടെ മറിഞ്ഞിരുന്നു. കഴിഞ്ഞദിവസം മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടമുണ്ടായി.
ബൈപാസിനു നവീകരണം വേണം
എന്‍എച്ച്183 (എംസി റോഡ്) പെരുന്തുരുത്തിയില്‍ ആരംഭിച്ച് നാലുകോടി, കുന്നുംപുറം, മോസ്കോ, തെങ്ങണ, പുതുപ്പള്ളി, മണര്‍കാട് വഴി ഏറ്റുമാനൂരിലെത്തുന്ന വേഗപാതയാണിത്. ഈ ബൈപാസിലെ പെരുന്തുരുത്തിക്കടുത്തുള്ള കല്ലുകടവ് പാലം ജീര്‍ണാവസ്ഥയിലാണ്.
നാലുകോടി ലെവല്‍ക്രോസില്‍ റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനായി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു. ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
ഈ ബൈപാസിന്റെ കുന്നുംപുറം മുതല്‍ തെങ്ങണ വരെയുള്ള ഭാഗത്ത് ടാറിംഗിന് ടെന്‍ഡര്‍ നടപടികളായെങ്കിലും ടാറിംഗ് ജോലികള്‍ വൈകുകയാണ്.
"ഡീലക്സ് പടി വളവ്:നിര്‍മാണം വേഗത്തിലാക്കും'
പെരുന്തുരുത്തി ഏറ്റൂമാനൂര് ബൈപാസില്‍ ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഡീലക്സ് പടി വളവ് നിര്‍ത്തുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. ലാൻഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഭൂമി ഏറ്റെടുത്ത് റോഡ് നിര്‍മാണം വേഗത്തിലാക്കുന്നതിന് ഊര്‍ജിത ഇടപെടലുകള്‍ നടത്തും. കുന്നുംപുറം മുതല്‍ തെങ്ങണ വരെയുള്ള ഭാഗത്ത് ടാറിംഗിനുള്ള നടപടികളും വേഗത്തിലാക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ