മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ സ്കാനിംഗും എക്സ്റേ സംവിധാനവും വേണം
1516735
Saturday, February 22, 2025 6:35 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ അൾട്ര സൗണ്ട് സ്കാനിംഗ്, പോർട്ടബിൾ എക്സ്റേ സംവിധാനം എന്നിവ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം.
ഗർണികൾക്കും ഗർഭാശയ രോഗങ്ങൾ ബാധിച്ചവർക്കും കുഞ്ഞുങ്ങൾക്കും ആൾട്രാ സൗണ്ട് സ്കാനിംഗും എക്സ്റേയും വേണ്ടിവരുമ്പോൾ ആശുപത്രിയുടെ മെയിൻ ബ്ലോക്കിൽ പ്രവർത്തിക്കുന്ന മുറിയിൽ ചെല്ലണം. എക്സറേ എടുക്കണമെങ്കിൽ മെയിൻ ബ്ലോക്കിലോ അത്യാഹിതത്തിലോ പ്രവർത്തിക്കുന്ന എക്സറേ വിഭാഗത്തിൽ എത്തണം.
മെയിൻ ബ്ലോക്കിൽ നിന്ന് കുറച്ച് അകലെ യാണ് ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നത്. സ്കാനിംഗിനും എക്സ്റേയ്ക്കും ഡോക്ടർ കുറിച്ചു നൽകിയാൽ ചീട്ടുമായി രോഗികളുടെ ബന്ധുക്കൾ സ്കാനിംഗ്, എക്സറേ യുണിറ്റുകളിലെത്തി എപ്പോൾ വരണമെന്നുള്ള സമയം വാങ്ങണം. തുടർന്ന് ഗൈനക്കോളജിയിലെ ആംബുലൻസ് വന്ന് രോഗിയെ മെയിൻ ബ്ലോക്കിലെത്തിക്കണം.
ഇതിനുപുറമേ കുട്ടികളുടെ ആശുപത്രിയിൽനിന്നുള്ള കുഞ്ഞങ്ങളെയും ഇവിടെയാണ് എത്തിക്കുന്നത്. തിരക്കുള്ള സമയത്ത് സ്കാനിംഗിനും എക്സ്റേയ്ക്കും മണിക്കൂറുകൾ കാത്തിരിക്കണം. തിരികെ ഗൈനക്കിലേക്ക് പോകുന്നതിന് ആംബുലൻസിനുവേണ്ടി ഏറെ നേരം കാത്തിരിക്കേണ്ടി വരും. അപ്പോഴേക്കും രോഗികൾ അവശതയിലാകും.
മുൻവർഷം പൂർണ ഗർഭിണിയായ യുവതിക്ക് അൾട്രാ സൗണ്ട് സ്കാൻ ചെയ്യുന്നതിന് 420-ാം നമ്പർ മുറിയുടെ സമീപത്തിരിക്കുമ്പോൾ പ്രസവവേദന അനുഭവപ്പെട്ടു. യുവതിയെ ഉടൻതന്നെ ഗൈനക്കിൽ എത്തിച്ചു. വൈകാതെ പ്രസവിക്കുകയും ചെയ്തു. യുവതിയെ ഗൈനക്കിൽ എത്തിക്കാൻ വൈകി യിരുന്നങ്കിൽ 420 -ാം നമ്പർ മുറിക്കു സമീപം പ്രസവം നടക്കുമായിരുന്നു.
അതേസമയം ഗൈനക്കോളജി പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിൽത്തന്നെ അൾട്രാ സൗണ്ട് സ്കാനിംഗ് സംവിധാനവും എക്സ്റേ യൂണിറ്റും ഏർപ്പെടുത്തിയാൽ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ഗുണകരമാകും. മധ്യകേരളത്തിലെ പ്രധാന മാതൃ -ശിശു സംരക്ഷണ കേന്ദ്രമാണ് കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളി വിഭാഗം. ലക്ഷ്യ പദ്ധതിയിലും ഉൾപ്പെട്ടിട്ടുണ്ട്.
നിലവിൽ ഗൈനക്കിലെ ഇ സി ജി വിഭാഗം ഒപി സമയത്ത് മാത്രമാണ് പ്രവർത്തിക്കുന്നത്. ഒ പി സമയത്തിനു ശേഷം ഇസിജി എടുക്കണമെങ്കിൽ അത്യാഹിത വിഭാഗത്തിൽ എത്തണമെന്നതാണ് സ്ഥിതി.