റോസമ്മയുടെ കണ്ണുകൾ രണ്ടു പേർക്ക് കാഴ്ചയേകും
1516741
Saturday, February 22, 2025 6:35 AM IST
പാക്കില്‍: റോസമ്മയുടെ കണ്ണുകള്‍ ഇനി രണ്ട് പേരിലൂടെ മിഴി തുറക്കും. പാക്കില്‍ പട്ടശേരില്‍ പരേതനായ പി.കെ. മാത്യുവിന്റെ ഭാര്യ റോസമ്മയാണ് തന്റെ രണ്ടു കണ്ണുകളും ദാനം ചെയ്തു മാതൃകയായത്.
മരണം നടന്നയുടനെ മക്കളായ റെജി, റെനി, റീന, റെജീന എന്നിവര്‍ നേത്രദാനത്തിന് തയാറാവുകയായിരുന്നു. എം.വി. ആന്‍ഡ്രൂസ് സ്മാരക നേത്രദാന സമിതി മുഖേനയാണ് റോസമ്മയുടെ കണ്ണുകള്‍ ദാനം ചെയ്തത്.
മെഡിക്കല്‍ കോളജില്‍ നിന്നുമെത്തിയ ഡോക്ടര്‍മാരുടെ സംഘം നേത്രപടലം നീക്കം ചെയ്തു. മെഡിക്കല്‍ കോളജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികളുടെ ലിസ്റ്റിലെ മുന്‍ഗണനാക്രമമനുസരിച്ച് ഈ കണ്ണുകള്‍ ഇനി രണ്ട് പേര്‍ക്ക് കാഴ്ചയേകും.
റോസമ്മയുടെ കണ്ണുകള്‍ കൂടി ചേര്‍ത്തുവയ്ക്കുമ്പോള്‍ 98 പേര്‍ക്ക് കാഴ്ചയുടെ വെള്ളിവെളിച്ചം പകര്‍ന്നു നല്‍കാനായി എന്ന് സമിതി സെക്രട്ടറി മോന്‍സി എം. ആന്‍ഡ്രൂസ് അറിയിച്ചു.