വിജിലൻസ് പരിശോധന : കോട്ടയം നഗരസഭയിലെ ചെക്ക് രജിസ്റ്ററില്‍ ക്രമക്കേടെന്ന്
1516746
Saturday, February 22, 2025 6:42 AM IST
കോട്ടയം: നഗരസഭയിലെ ചെക്ക് രജിസ്റ്ററില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വന്‍തുകയുടെ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചു പണമാക്കി മാറ്റിയില്ലെന്നും വിജിലന്‍സ് കണ്ടെത്തല്‍. നഗരസഭയിലെ 211 കോടി രൂപയുടെ തട്ടിപ്പില്‍ ക്രമക്കേട് നടന്നതായാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉള്ളത്. 196 കോടി രൂപയുടെ ചെക്ക് ബാങ്കില്‍ കൃത്യമായി സമര്‍പ്പിക്കാതെ നഗരസഭാ അക്കൗണ്ട്സ് വിഭാഗം ക്രമക്കേട് നടത്തി.
2023 ഫെബ്രുവരി മുതലാണു കോട്ടയം നഗരസഭയില്‍ ചെക്ക് രജിസ്റ്റര്‍ മെയിന്റയിന്‍ ചെയ്തതെന്നാണു വിജിലന്‍സ് കണ്ടെത്തിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലുള്ള കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ 195.97 കോടി പണമില്ലെന്നു കണ്ടെത്തി.
ഇതില്‍ 189 കോടി രൂപയുടെ ചെക്ക് നഗരസഭയില്‍ ലഭിച്ചെങ്കിലും ഈ ചെക്ക് ബാങ്കില്‍ നല്കി പണമാക്കി മാറ്റിയിട്ടില്ല. ലൈബ്രറി സെസിന്റെ പേരില്‍ പിരിച്ച 11.33 ലക്ഷം രൂപ ബാങ്കില്‍ അടച്ചിട്ടില്ലെന്നും കണ്ടെത്തി. സെക്യൂരിട്ടി ഡെപ്പോസിറ്റായി പിടിച്ച 13.75 ലക്ഷം രൂപയും പണമായില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രഫഷനല്‍ ടാക്സിന്റെ ഇനത്തില്‍ 11 ലക്ഷം രൂപ അണ്കാഷഡ് ചെക്കായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോട്ടയം വിജിലന്‍സ് ഡയറക്ടര്‍ ബി. മഹേഷ് പിള്ളയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വന്‍ക്രമക്കേട് കണ്ടെത്തി. പി.ആര്. സജിയുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം കോട്ടയം നഗരസഭയില്‍ 211 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.