കെപിഎസി നാടകോത്സവം 25 മുതൽ 28 വരെ
1516743
Saturday, February 22, 2025 6:35 AM IST
കോട്ടയം: കെപിഎസി നാടകോത്സവം 25 മുതല്‍ 28 വരെ കോട്ടയം പബ്ലിക് ലൈബ്രറിയുടെ കെപിഎസ് മേനോന് ഹാളില്‍ അരങ്ങേറും. കെപിഎസി വജ്രജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാലുദിവസം നീളുന്ന നാടകോത്സവം നടത്തുന്നത്. കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാ സാംസ്കാരിക വിഭാഗമായ കെപിഎല്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും നാടകത്തിനുമുമ്പ് പാടിപ്പതിഞ്ഞ നാടകഗാനങ്ങളുടെ അവതരണവും സാംസ്കാരിക പ്രഭാഷണവും നടക്കും. 25നു വൈകുന്നേരം നാലിനു നാടക ഗാനാലാപനം. അഞ്ചിനു നാടകോത്സവം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പ്രസംഗിക്കും. ആറിനു നാടകം ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’. 26നു വൈകുന്നേരം ആറിനു നാടകം ‘ഒളിവിലെ ഓര്‍മകള്‍’.
27നു വൈകുന്നേരം അഞ്ചിന് മന്ത്രി വി.എന്‍. വാസവന് പ്രഭാഷണം നടത്തും. ആറിനു നാടകം മുടിയനായ പുത്രന്, 28നു വൈകുന്നേരം അഞ്ചിനു മന്ത്രി പി. പ്രസാദ് പ്രഭാഷണം നടത്തും. ആറിനു നാടകം ‘ഉമ്മാച്ചു’.
കെപിഎസ് മേനോന് ഹാളിനോടു ചേര്‍ന്ന് 2000 പേര്‍ക്ക് കലാപരിപാടികള്‍ ആസ്വദിക്കാന്‍ കഴിയുംവിധം പെര്‍ഫോമിംഗ് ആര്‍ട്സിനായി ശില്പി കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്യുന്ന ഓപ്പണ്‍ എയര്‍ തിയറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. നാടകോത്സവത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
പത്രസമ്മേളനത്തില്‍ കെപിഎല്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, ജനറല്‍ കണ്‍വീനര്‍ അഡ്വ.വി.ബി. ബിനു, കെപിഎല്‍ കള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. എം.പി. ജോര്‍ജ് കോര്‍ എപ്പിസ്കോപ്പ, കണ്‍വീനര്‍മാരായ ഷാജി വേങ്കടത്ത്, കെ.സി. വിജയകുമാര്‍, മീഡിയ കമ്മിറ്റി ചെയര്മാന് വി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.