റേഡിയോ മീഡിയാ വില്ലേജ് പതിമൂന്നാം വാര്‍ഷികം ഇന്ന്
1516758
Saturday, February 22, 2025 6:54 AM IST
ചങ്ങനാശേരി: വിഷ്വല്‍ റേഡിയോ എന്ന നൂതന ആശയത്തിന്റെ സാക്ഷാത്കാര നിറവില്‍ റേഡിയോ മീഡിയ വില്ലേജ് പ്രക്ഷേപണത്തിന്റെ 14-ാം വര്‍ഷത്തിലേക്ക്.
"ഇനി കണ്ടും കേട്ടും ഇരിക്കാം' എന്ന ടാഗ് ലൈനോടെ 2024 മുതല്‍ റേഡിയോ പരിപാടികള്‍ ദൃശ്യരൂപത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്ന് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, ജോയിന്റ് ഡയറക്ടര്‍ ഫാ. ലിപിന്‍ തുണ്ടുകളം, എസ്ജെസിസി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റേഡിയോ മീഡിയാ വില്ലേജിന്റെ പതിമൂന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഇന്നു നാലിന് മീഡിയ വില്ലേജ് കാമ്പസില്‍ സിനിമാ താരം ബിബിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. റേഡിയോയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നവരെ ആര്‍ച്ച്ബിഷപ് ആദരിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യ സന്ദേശം നല്‍കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, റേഡിയോ ഗവേണിംഗ് ബോഡിയംഗം എച്ച്. മുസമ്മില്‍ ഹാജി, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഷാജി, സ്റ്റേഷന് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, പ്രോഗ്രാം ഹെഡ് കെ. വിപിന്‍ രാജ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്നേഹവിരുന്നും കലാപരിപാടികളും ഉണ്ടായിരിക്കും.
സമ്മേളനത്തിനുമുമ്പ് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മുതല്‍ ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മ്യൂസിക് ധമാക്ക ജൂണിയര്‍ സീസണ് 7 ഗ്രാന്‍ഡ് ഫിനാലെ സംഗീത മത്സരം അരങ്ങേറും.
പത്രസമ്മേളനത്തില്‍ ബര്‍സാര്‍ ഫാ. മാത്യൂ മുര്യങ്കരി, വൈസ് പ്രിന്‍സിപ്പല്‍ ജോസഫ് തോമസ്, പിആര്‍ഒ സിബിന് ജോസഫ് എന്നിവരും പങ്കെടുത്തു.
ചാരിറ്റി വേള്‍ഡിന്റെ പ്രവര്‍ത്തനം തിരികെ റേഡിയോയിലേക്ക്
ചാരിറ്റി വേള്‍ഡിന്റെ പ്രവര്‍ത്തനം റേഡിയോ മീഡിയാ വില്ലേജിലേക്ക് വീണ്ടും എത്തുന്നു. ഇനിമുതല്‍ ചാരിറ്റി വേള്‍ഡ് റോഡിയോയോട് ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ലോഗോ പ്രകാശനം നടക്കും. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ചാരിറ്റി വേള്‍ഡ് നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കും.
ഭവന നിര്‍മാണം, അന്നദാനം, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍, നിയോജകമണ്ഡലത്തിലെ കുടുംബശ്രീ-സിഡിഎസ് വഴി നടപ്പിലാക്കുന്ന കുട്ടികള്‍ക്കായുള്ള പഠനോപകരണ വിതരണം, ചികിത്സാ ധനസഹായം എന്നിങ്ങനെ അഞ്ച് ജീവകാരുണ്യ പദ്ധതികളാണ് പതിനാലാം വര്‍ഷത്തില്‍ റേഡിയോ നടപ്പിലാക്കുന്നത്.