നാടിന് അക്ഷരവെളിച്ചമേകി എറികാട് ഗവ. യ ുപി സ്കൂൾ ശതാബ്ദി നിറവിൽ
1516737
Saturday, February 22, 2025 6:35 AM IST
എറികാട്: നാടിന് അക്ഷരവെളിച്ചമേകി എറികാട് ഗവ. യുപി സ്കൂൾ നൂറിന്റെ നിറവിൽ. ശതാബ്ദി സമാപനം മാർച്ച് ഒന്നിനു രാവിലെ 9.30നു നടക്കും. 1924ൽ സിഎംഎസ് മിഷനറിമാരാണ് സ്കൂൾ ആരംഭിച്ചത്.
പിന്നീട് പുതുപ്പള്ളി പ്രദേശത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ മുഖ്യപങ്ക് വഹിച്ചു. ഹരിത വിദ്യാലയം, കേരളത്തിലെ ആദ്യ എസി ഹൈടെക് വിദ്യാലയം എന്നീ നേട്ടങ്ങളും എറികാട് ഗവ.യുപി സ്കൂളിന് സ്വന്തമായി. കൂടാതെ തുടർച്ചയായി ഏഴു വർഷം സബ്ജില്ലാ തലത്തിലും ഒരു വർഷം ജില്ലാ തലത്തിലും മികച്ച പിടിഎ അവാർഡും 2023-24 വർഷത്തിൽ മികച്ച സ്കൂളിനുള്ള അവാർഡും നേടി.
ശതാബ്ദി സമാപന ആഘോഷത്തോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥികൾക്ക് ആദരവ്, മെഡിക്കൽ ക്യാന്പ്, ലൈബ്രറി നവീകരണം, ശതാബ്ദിയാഘോഷ വിളംബരജാഥ, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
വിളംബരജാഥ ഹെഡ്മിസ്ട്രസ് പി.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിക്കു വൈക്കം റേഞ്ച് എക്സസ് സൈസ് ഓഫീസർ ഇ.വി. ബിനോയ് നേതൃത്വം നൽകി. ശതാബ്ദി സ്മാരകമായി നിർമിക്കുന്ന പ്രീ-പ്രൈമറി വർണക്കൂടാരത്തിന്റെ ഉദ്ഘാടനവും മാർച്ച് ഒന്നിനു നടക്കും.