കോട്ടയം നഗരസഭയിലെ സാമ്പത്തിക ക്രമക്കേട് ആരോപണം : മന്ത്രിയുടെ മറുപടി തെറ്റിദ്ധരിപ്പിക്കുന്നത്
1516744
Saturday, February 22, 2025 6:35 AM IST
കോട്ടയം: കോട്ടയം നഗരസഭയിലെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ നല്കിയ മറുപടി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരേ അവകാശലംഘനത്തിന് പരാതി നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോട്ടയം നഗരസഭയില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ മറുപടി പറഞ്ഞ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, നഗരസഭയില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘത്തെ ഉപയോഗിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ശിപാര്‍ശ ചെയ്തിരിക്കുകയാണെന്നുമാണ് വിശദീകരിച്ചത്.
എന്നാല്‍, നഗരസഭാ സെക്രട്ടറി നല്കിയ മറുപടിയില്‍ 2023 ഒക്ടോബര്‍ 18ന് കാഷ് കൗണ്ടര്‍ വഴി ലഭിച്ച തുക 172.86 കോടി രൂപ സോഫ്റ്റ്വേർ വഴി അപ്ലോഡ് ചെയ്തപ്പോള്‍ പിശക് പറ്റിയെന്നും തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് സോഫ്റ്റ്വേറിലെ തകരാര്‍ പരിഹരിച്ച് അന്നുതന്നെ തുക കൃത്യമായി അടച്ചുവെന്നും രണ്ടാമത് തകരാര്‍ പരിഹരിച്ച് തുക അടച്ചപ്പോള്‍ വെറും പത്തു രൂപയുടെ വിത്യാസം മാത്രമാണ് ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ അന്വേഷണ റിപ്പോര്‍ട്ട് കൈവശമിരിക്കെയാണ് നഗരസഭയില്‍ വലിയ അഴിമതി നടന്നുവെന്ന് മന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. നഗരസഭയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വലിയ സമരകോലാഹലങ്ങളാണ് അടുത്തയിടെ നടന്നത്.