ലൂമിനാരിയയ്ക്ക് തിരിതെളിഞ്ഞു
1496407
Saturday, January 18, 2025 11:53 PM IST
പാലാ: സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്രപ്രദര്ശനമേള ലൂമിനാരിയയ്ക്ക് തിരിതെളിഞ്ഞു. പാലാ രൂപത മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു.
വിപുലമായ പ്രദര്‍ശന മേളകൾ
വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഒരുക്കുന്ന ശാസ്ത്ര പ്രദര്‍ശനത്തില്‍ പിഎസ്എല്‍വി, ജിഎസ്എല്‍വി, മംഗള്യാന്, ചന്ദ്രയാന്‍ എന്നിവയുടെ മാതൃകകളും മെഡക്സ്, മോട്ടോ എക്സ്പോ, പുസ്തകമേള, സാഹിത്യോത്സവം, പുരാവസ്തു പ്രദര്‍ശനം, പെറ്റ് ഷോ, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാര്‍ഷികമേള, കേരള വനം വകുപ്പിന്റെ വിവിധ സ്റ്റാളുകള്‍, സ്നേക്ക് റെസ്ക്യു പരിശീലനം, ഫുഡ് ഫെസ്റ്റ്, ഫാഷന്‍ ഷോ, ഇന്റര്‍ കോളജ് ഡാന്‍സ് മത്സരം, പെയിന്റിംഗ് ബിനാലെ, കയാക്കിംഗ്, കരകൗശല വസ്തുക്കളുടെയും മണ്‍പാത്രങ്ങളുടെയും തല്‍സമയ നിര്‍മാണവും പ്രദര്‍ശനവും, പ്ലാനറ്റോറിയം, റോബോട്ടിക് ഗെയിമുകള്‍, കിഡ്സ് പാര്‍ക്ക്, സാഹസിക കായിക വിനോദങ്ങള്‍, ഫണ്‍ ഗെയിംസ്, ചലച്ചിത്രോത്സവം, കേരള ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു പ്രദര്‍ശനം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിപുലവും വൈവിധ്യപൂര്‍ണവുമായ വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്ര പ്രദര്‍ശന മേളയാണ് അരങ്ങേറുന്നത്.
ഒരു ലക്ഷം പേർ പങ്കെടുക്കും
1200 വിദ്യാലയങ്ങള്‍, എന്‍ജിനിയറിംഗ് കോളജുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ ഒരു ലക്ഷം പേരെയാണ് എട്ട് ദിവസത്തെ മേളയിലേക്ക് പ്രതീക്ഷിക്കുന്നത്.
ഭാഷയെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന മലയാള വിഭാഗത്തിന്റെ കാവും കളമെഴുത്തും, ഇംഗ്ലീഷ് വിഭാഗത്തിന്റെ സിനിമ കൊട്ടകയും ഹിന്ദി വിഭാഗത്തിന്റെ ഉത്തരേന്ത്യന്‍ ഗ്രാമത്തിന്റെ ആവിഷ്കാരവും മേളയെ കൂടുതല്‍ ജനകീയമാക്കും. ഔഷധ സസ്യപ്രദര്‍ശനം, സിദ്ധവൈദ്യം, ആയുര്‍വേദം തുടങ്ങിയ ചികിത്സാ ശാഖകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, മെഡിക്കല്‍ എക്സിബിഷന് മുതലായവ ബയോ കെമിസ്ട്രി വിഭാഗം ഒരുക്കും.
ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബൊട്ടാണിക്കല്‍ മ്യൂസിയവും ഹെര്‍ബേറിയവും, ജപ്പാന് കരകൗശല വിദ്യയായ കൊക്കെഡാമ മാതൃകയിലുള്ള സസ്യപ്രദര്‍ശനവും സജ്ജീകരിക്കുന്നു. റോബോട്ടിക് സാധ്യതകളെ പരിചയപ്പെടുത്തുന്ന ഫിസിക്സ് വിഭാഗത്തിന്റെ സ്റ്റാളും, അപ്ലൈഡ് മൈക്രോ ബയോളജി വിഭാഗത്തിന്റെ മൈക്രോസ്കോപ്പ് സ്റ്റേഷനും ബയോടെക്നോളജി വിഭാഗത്തിന്റെ മഷ്റൂം ഫാമിംഗ് എക്സിബിഷനും ഫുഡ് പ്രോസസിംഗ് ടെക്നോളജി വിഭാഗത്തിന്റെ ഫുഡ് ക്വാളിറ്റി ടെസ്റ്റിംഗ് ലാബും കെമിസ്ട്രി വിഭാഗത്തിന്റെ രസതന്ത്ര വിജ്ഞാന പ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
സെന്റ് തോമസ് കോളജിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ വിഖ്യാതരായ കായിക പ്രതിഭകളുടെ നേട്ടങ്ങളും വിവരങ്ങളും ഉള്‍ക്കൊള്ളിച്ച പ്രദര്‍ശനം, വിവിധതരം കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിങ്ങനെ കായികചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട കാഴ്ചകളാണു കായികവിഭാഗം ക്രമീകരിച്ചിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ്പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ആശിഷ് ജോസഫ്, പ്രൊമോഷന് കോ ഓര്‍ഡിനേറ്റര്‍ സിജു ജോസഫ് എന്നിവര്‍ പങ്കെടുത്തു.