കടനാട് ജലോത്സവത്തിനു തിരക്കേറുന്നു
1496417
Saturday, January 18, 2025 11:53 PM IST
കടനാട്: കടനാടിന്റെ മണ്ണില്‍ വിനോദസഞ്ചാരത്തിന്റെ പുതുസാധ്യതകള്‍ തേടി കുട്ടവഞ്ചി ജലോത്സവം. കടനാട് ചെക്ക്ഡാമിലാണ് ജലോത്സവം നടക്കുന്നത്. വേഗതയുടെ കുതിപ്പുമായി കയാക്കിംഗ്, പഴമയുടെ ഓര്‍മപ്പെടുത്തലുമായി കുട്ടവഞ്ചി സവാരി, ആനന്ദിച്ചു ചവുട്ടി മുന്നേറാന്‍ പെഡല്‍ ബോട്ടിംഗ്, ആഘോഷത്തിന്റെ അരങ്ങുണര്‍ത്തി വള്ളം സവാരി എന്നിവയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജലോത്സവം ഇതിനോടകംതന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ആബാലവൃദ്ധം ജനങ്ങള്‍ സവാരി നടത്താന്‍ എത്തുന്നുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ദിനങ്ങളോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. കടനാട് പഞ്ചായത്ത്, കടനാട് പൂതക്കുഴി കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. 20ന് സമാപിക്കും.
നിരവധി ആളുകളാണ് ജലോത്സവം ആസ്വദിക്കുന്നതിനായി ചെക്ക് ഡാമിലേക്ക് എത്തുന്നത്. ഒരാള്‍ക്ക് 50 രൂപയാണ് ഫീസ്. തിരുനാള്‍ കാലങ്ങളില്‍ വീണ്ടും ഈ ചെക്ക്ഡാമില്ത്തന്നെ ജലമഹോത്സവം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.