മണ്ഡല - മകരവിളക്ക്: കെഎസ്ആര്‍ടിസി വരുമാനം 32.95 കോടി
1496414
Saturday, January 18, 2025 11:53 PM IST
ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സര്‍വീസുകള്‍ മുഖേന കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 32.95 കോടിയുടെ വരുമാനം.
മണ്ഡലകാലം ആരംഭിച്ചതു മുതല്‍ 35,000 ദീര്‍ഘദൂര സര്‍വിസുകളും പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ 1,43,468 ചെയിന്‍ സര്‍വീസുകളും നടത്തി. 59.78 ലക്ഷം ആളുകളാണ് കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്തത്.
കഴിഞ്ഞ 14ന് മകരജ്യോതി ദര്‍ശനം കഴിഞ്ഞു തിരിച്ചിറങ്ങിയ അയ്യപ്പഭക്തന്മാര്ക്കായി രാത്രി ഏഴു മുതല്‍ 15ന് പുലര്‍ച്ചെ 5.30 വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വിസുകള്‍ നടത്തി. അതോടൊപ്പം ചെങ്ങന്നൂര്‍, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശൂര്‍, തെങ്കാശി. ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകളും നടത്തി.
ശബരിമലനട അടയ്ക്കുന്ന ഇന്നു രാത്രി വരെ ചെയിന്‍ സര്‍വീസുകളും നാളെ രാവിലെ എട്ടുവരെ ദീര്‍ഘദൂര സര്‍വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആര്‍ടിസി പമ്പ സ്പെഷല്‍ ഓഫീസര്‍ അറിയിച്ചു.