ജനകീയ സമരം വിജയം; ചമ്പന്നൂർ പടി മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ
1496369
Saturday, January 18, 2025 7:05 AM IST
നെടുംകുന്നം: ജനകീയ പ്രതിഷേധം വിജയം കണ്ടു. വീരൻമല ചമ്പന്നൂർപ്പടിയിലെ മണ്ണെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. അന്തിമ വിധി വരുന്നതുവരെ സ്ഥലത്തുനിന്നു മണ്ണെടുക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വീരൻമലയിലെ ഏക്കറുകണക്കിനു കുന്നിടിച്ച് മണ്ണു കടത്താനുള്ള നീക്കത്തിനാണ് ഇതോടെ താത്കാലിക വിരാമമായത്.
ദേശീയ പാത വികസനത്തിന്റെ പേരിൽ ഇവിടെനിന്നും മണ്ണെടുക്കാൻ ജിയോളജി വകുപ്പ് അനുമതി നൽകിയിരുന്നു. കുന്നിടിച്ച് മണ്ണു മാറ്റിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും മുന്നൂറോളം കുടുംബങ്ങളിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളും ജല സോത്രസുകളുടെ തകർച്ചയും ചൂണ്ടിക്കാട്ടി ഈ മേഖലയിൽ പഞ്ചായത്തിന്റെയും വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കോടതി വിധിയുടെ ബലത്തിൽ കരാറുകാരൻ മണ്ണെടുപ്പ് തുടരാൻ ശ്രമിക്കുകയായിരുന്നു. തുടർന്നു നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഹിറ്റാച്ചി അടക്കമുള്ള ഉപകരണങ്ങൾ ഇവിടെനിന്നു നീക്കിയിരുന്നു.
നിർത്തിവച്ച മണ്ണെടുപ്പ് കഴിഞ്ഞദിവസം പുനരാരംഭിച്ചപ്പോൾ നെടുംകുന്നം പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും കേസ് പരിഗണിച്ച കോടതി ഇന്നലെ ഉച്ചയോടെ മണ്ണെടുപ്പ് താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിടുകയുമായിരുന്നു. ബുധനാഴ്ച മുതലാണ് മണ്ണെടുക്കാനുള്ള നീക്കം പുനരാരംഭിച്ചത്.
വ്യാഴാഴ്ച വീണ്ടും മണ്ണുമാന്തി യന്ത്രമെത്തിച്ച് വഴി വെട്ടുകയും മണ്ണിളക്കുകയും ചെയ്തതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. മണ്ണെടുത്ത് റോഡിലിറങ്ങുന്ന ലോറികൾ തടയാനായിരുന്നു ജനകീയ സമിതിയുടെ തീരുമാനം, എന്നാൽ, ലോഡ് കയറ്റുന്നതിന് മുന്പു തന്നെ വിധി വന്നതോടെ നാട്ടുകാർ മധുരം പങ്കുവച്ച് കോടതി വിധിയിൽ ആഹ്ളാദം പങ്കുവച്ചു.