മള്ളിയൂരിലേക്ക് കെഎസ്ആർടിസി സർവീസ് ഇന്നു മുതൽ
1496615
Sunday, January 19, 2025 7:54 AM IST
കടുത്തുരുത്തി: മള്ളിയൂര്‍ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ. എല്ലാദിവസവും രാവിലെ ആറിനു പിറവം ഡിപ്പോയില്‍നിന്നു തുടങ്ങുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസ് സര്‍വീസ് രാവിലെ 6.45ന് മള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഏഴിന് മള്ളിയൂരില്‍ നിന്നും പുറപ്പെട്ട് കുറുപ്പന്തറ-ഏറ്റുമാനൂര്‍-കോട്ടയം വഴി രാവിലെ 9.45-ന് മണ്ണാറശാല ക്ഷേത്രത്തില്‍ എത്തിച്ചേരും.
മടക്കയാത്രയില്‍ മണ്ണാറശാലയില്നിന്ന് ആരംഭിച്ച് കോട്ടയം-കുറുപ്പന്തറ-കടുത്തുരുത്തി - വൈക്കം വഴി വൈറ്റിലയില്‍ അവസാനിപ്പിക്കുന്ന വിധത്തിലാണ് റൂട്ട് ക്രമീകരിച്ചിട്ടുള്ളത്.
മന്ത്രി കെ.ബി. ഗണേഷ്കുമാറിന് മള്ളിയൂര്‍ ക്ഷേത്രകമ്മിറ്റി തയാറാക്കിയ നിവേദനം മോന്‍സ് ജോസഫ് എംഎല്‍എ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബസ് സര്‍വ്വീസ് അനുവദിച്ചത്.
ഇന്നു രാവിലെ ഒന്‍പതിന് പിറവം ഡിപ്പോയില്‍ നിന്ന് തുടങ്ങുന്ന പ്രഥമ സര്‍വീസ് അനൂപ് ജേക്കബ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 9.45ന് മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ പുതിയ സര്‍വീസിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ഹരിപ്പാട് മണ്ണാറശാലയില്‍ നിന്നുള്ള മടക്കയാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മം രമേശ് ചെന്നിത്തല എംഎല്‍എയും നിര്‍വഹിക്കും.